✍️ കുരീപ്പുഴ ശ്രീകുമാർ
കേരളം കുളങ്ങളുടെ നാടായിരുന്നല്ലോ. അതുകൊണ്ടുതന്നെ കേരളത്തിന്റെ പോരാട്ട ചരിത്രത്തില്‍ കുളങ്ങളും സാക്ഷികളാണ്. കേരളത്തിലെ കുളങ്ങളില്‍ തൊണ്ണൂറുശതമാനവും ഇന്ന് നികത്തിക്കഴിഞ്ഞു. കുളവുമായി ബന്ധപ്പെട്ട ചരിത്രവും അങ്ങനെ മണ്ണടിഞ്ഞു. ഓര്‍മകളുള്ള ചില മനുഷ്യരെങ്കിലും ആ ചരിത്രം രേഖപ്പെടുത്തിവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് ഇന്ന് സമ്പൂര്‍ണമായും അപ്രത്യക്ഷമായ വൈക്കത്തെ ദളവാക്കുളം. ദളിത് ബന്ധു എന്‍ കെ ജോസാണ് ദളവാക്കുളത്തിന്റെ ചരിത്രം രേഖപ്പെടുത്തിയത്.
സനാതന ഹിന്ദുധര്‍മത്തിന്റെ നിയമപ്രകാരം ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ അല്ലാത്തവരും അഹിന്ദുക്കളുമായ തദ്ദേശവാസികള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ലല്ലോ. വൈക്കം ക്ഷേത്രത്തിലേക്ക്, വിലക്കുകള്‍ ലംഘിച്ച് ഓടിക്കയറിയ ഒരുസംഘം ഈഴവരെ പിടികൂടി കൊന്നുകുഴിച്ചുമൂടിയ സ്ഥലമാണ് ദളവാക്കുളം. വേലുത്തമ്പി ദളവയുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഈ മഹാപാതകം ചെയ്തത്. രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഈ രക്തസാക്ഷികള്‍ ഉണ്ടായത്. ദളവാക്കുളം പൂര്‍ണമായും വൈക്കം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്റെ അടിയിലായിപ്പോയി.
കീഴാളന്റെ അഭിമാനപ്പോരാട്ടത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട മറ്റൊരു കുളമാണ്, ഇന്ന് സിംഹഭാഗവും കൊല്ലം ജില്ലാ പഞ്ചായത്ത് ഭരണകേന്ദ്രനിര്മാണത്തിനായി നികത്തപ്പെട്ട കൊല്ലത്തെ കമ്മാന്‍കുളം. ഒരു ജനത, മാനക്കേടില്‍ നിന്ന് രക്ഷനേടാന്‍ നടത്തിയ സമരമായിരുന്നു പെരിനാട് സമരം. മാറുമറയ്ക്കുകയെന്ന സ്ത്രീകളുടെ അവകാശം നേടിയെടുക്കാന്‍ വേണ്ടി നടത്തിയ സമരം. മേലുടുപ്പിട്ട് പെരിനാട് ചന്തയിലെത്തിയ ഒരു ദളിത് പെങ്ങളെ മേലാള റൗഡികള്‍ ആക്രമിച്ചു. മേലുടുപ്പ് പകല്‍വെളിച്ചത്തില്‍ പരസ്യമായി കീറിയെറിഞ്ഞ് അപമാനിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ഗോപാലദാസ് എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ദളിത് ജനപക്ഷം സംഘടിച്ചു. അന്ന്, നാമമാത്രമായെങ്കിലും മാറുമറയ്ക്കാനുപയോഗിച്ചിരുന്നത് കല്ലയും മാലയുമായിരുന്നു. കഴുത്തിറുകി, അടിമത്തത്തിന്റെ അടയാളമായി അണിഞ്ഞിരുന്ന ആഭരണമാണ് കല്ല. മുലകളില്‍ മൂടിക്കിടന്നിരുന്ന മറ്റൊരു മാലയും സാധാരണമായിരുന്നു. മാറിടം മറയാത്ത ഈ വിലകുറഞ്ഞ ആഭരണങ്ങള്‍ക്ക് മീതെ റൗക്കയിട്ടതാണ് സവര്‍ണ ഹിന്ദുറൗഡികളെ പ്രകോപിപ്പിച്ചത്.
പെരിനാട്ടെ പുലയക്കുടിലുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. വെന്തുവീണ കുമിള്ക്കുടിലുകളില് നിന്നും അടിമജനത, പ്രാണനും കൊണ്ട് പുറത്തേക്കോടി. ഗോപാലദാസിന്റെ നേതൃത്വത്തില്‍ സംഘടിതരായ അവര്‍ നില്‍ക്കക്കള്ളിയില്ലാതെ ചില തമ്പുരാക്കളുടെ മാളികകളും ആക്രമണത്തിലൂടെ പ്രതിരോധിച്ചു. മഹാനായ അയ്യന്‍കാളി പെരിനാട്ടെത്തി, പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതശ്രദ്ധയില്പ്പെടുത്തി. ചങ്ങനാശേരി പരമേശ്വരന് പിള്ളയുടെ അധ്യക്ഷതയില്‍ കൊല്ലം റയില്‍വേ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തില്‍വച്ച് ദളിത് വനിതകള്‍ക്ക് റൗക്ക വിതരണം ചെയ്തു. അവര്‍, അപമാനത്തിന്റെ അടയാളമായിരുന്ന കല്ലയും മാലയും കൊയ്ത്തരിവാളുകൊണ്ട് മുറിച്ചെറിഞ്ഞു.
പക്ഷേ, തമ്പുരാന്മാരുടെ വീടാക്രമിച്ചു എന്ന പേരില്‍ നിരവധി ദളിതര്‍ക്കെതിരേ കേസെടുത്തു. ഈ കേസ് വാദിച്ച വക്കീലന്മാര്ക്ക് കൊടുക്കാന്‍ അവരുടെ കയ്യില്‍ പണമില്ലായിരുന്നു. പ്രമുഖരായ ടി എം വര്‍ഗീസും ഇലഞ്ഞിക്കല്‍ ജോണുമായിരുന്നു അഭിഭാഷകര്‍. വക്കീല്പ്പണമില്ലെങ്കില് അധ്വാനം പ്രതിഫലമായി തന്നാല്‍ മതി എന്ന നിബന്ധന പ്രകാരം ടി എം വര്‍ഗീസിന്റെ വീട്ടുപരിസരത്ത് നിര്‍മിച്ചതാണ് കമ്മാന്‍കുളം. നാണം മറയ്ക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ പങ്കെടുത്തതിനാല്‍ കേസില്‍ കുരുങ്ങിയ പ്രതികള്‍ നല്കിയ വക്കീല്‍ ഫീസ് ആണ് ഈ സമരസ്മാരകം.
അവിടം നികത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പണിതുയര്‍ത്തിയെങ്കിലും കമ്മാന്‍കുളവും ഇന്നില്ല. അവിടം നികത്തി സര്‍ക്കാര്‍ ഓഫീസുകള്‍ പണിതുയര്‍ത്തി. വിസ്മൃതിയിലാണ്ടുപോകുമായിരുന്ന അടിമ വര്‍ഗ്ഗത്തിന്റെ കണ്ണീരിൻറെയും ചോരയുടെയും സ്മാരകമായ കമ്മാന്കുളത്തിൻറെ ശേഷിച്ചഭാഗങ്ങൾ ഇപ്പോൾ നവീകരിച്ചിട്ടുണ്ട്.
പെരിനാടുലഹളയില്‍ നേതൃത്വപരമായ പങ്കു വഹിച്ചയാളാണ് ഗോപാല ദാസൻ. അദ്ദേഹം തന്റെ ജോലി കൃത്യമായി നിറവേറ്റി കല്ലുമാലസമരം ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതു കാണാന്‍ ഗോപാല ദാസന് ഉണ്ടായില്ല. അന്ന് കലാപ ഭൂമിയില്‍നിന്നും അംഗരക്ഷകര്‍ രക്ഷപെടുത്തി കൊണ്ടുപോയ ഗോപാലദാസനെ പിന്നീടാരും കണ്ടിട്ടില്ല. തനിക്കഭയം നല്കിയ കുഞ്ഞോലിനൊപ്പം ഗോപാല ദാസനും ചേറില്‍ ചവിട്ടി താഴ്ത്തപ്പെട്ടു.
ശേഷിച്ച കമ്മാൻ കുളം ഇപ്പോൾ എങ്കിലും സംരക്ഷിക്കണമെന്ന് അധികാരികൾക്ക് തോന്നിയതിന് പിന്നിൽ ദളിത് മേഖലയിലുള്ള വിവിധ സംഘടനകളുടെ ശക്തമായ ഇടപെടലുകളാണ്. എന്നാൽ ദളവാക്കുളത്തിന്റെ സ്ഥിതി അതല്ല. ഈഴവ സമുദായത്തിൻറെ അലസതയും ഉദാസീനതയും കൊണ്ടോ, സവർണ്ണ ഹിന്ദുത്വത്തോടുള്ള ആഭിമുഖ്യം കൊണ്ടോ അവർപോലും തങ്ങളുടെ പൂർവികർ നടത്തിയ ആ ചെറുത്ത് നിൽപ്പുകൾക്ക് അർഹിക്കുന്ന വില കൊടുത്ത് കാണാറില്ല. അതുകൊണ്ടുതന്നെ കീഴാളരുടെ ചെറുത്തു നിൽപ്പുകളെല്ലാം മിത്തുകളാക്കി മാറ്റുന്ന മഹാന്മാർക്ക് സംഗതി എളുപ്പമായിരിക്കുകയുമാണ്. ദളവാക്കുളം മിത്താണെന്നാണ് ചില സവർണ്ണർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ മുൻതലമുറയുടെ ചരിത്രമറിയാത്ത കീഴാള സമൂഹത്തിലും പലരും ഇതൊക്കെ കേട്ട് തെറ്റിദ്ധരിക്കുന്നുണ്ട്. ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ ചേർത്തലയിലെ നങ്ങേലിയെ സവർണ്ണരെല്ലാവരും ഒത്തൊരുമിച്ചു മിത്താക്കാൻ ശ്രമിക്കുന്നതു പോലെ വൈക്കത്തെ ദളവാ കുളവും മിത്തായിമാറും. അവരുടെ പിമുറക്കാരെങ്കിലും ഈ വിഷയത്തെ ഗൗരവമേയെടുത്തില്ലെങ്കിൽ നിങ്ങളുടെ പൂർവികരുടെ ചരിത്രമൊക്കെ അവർ മിത്തുകളാക്കി മാറ്റുകയും. അവരുടെ മിത്തുകളും പഴംപുരാണങ്ങളും പൊട്ടക്കഥകളുമൊക്കെ അവർ ചിത്രമാക്കി മാറ്റുകയും ചെയ്യും.

