Sun. Jun 21st, 2026

✍️ ലിബി.സി.എസ്

“യോഗ ലോകത്തെ മുഴുവൻ ഒന്നിപ്പിച്ചെന്ന് പ്രധാനമന്ത്രി! സംഘർഷഭരിതമായ ലോകത്ത് സമാധാനം കൊണ്ടുവരാൻ യോഗയ്ക്ക് സാധിക്കുമെന്നും”- മോദി. രാജ്യത്തെ ഒരു ലക്ഷത്തിലധികം കേന്ദ്രങ്ങളിൽ ഇന്ന് യോഗാഭ്യാസപരിപാടികൾ നടക്കും. ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്ന് 191 രാജ്യങ്ങളിലാണ് യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഏകദേശം അഞ്ച് ലക്ഷം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

കേവലം ഒരു വ്യായാമമുറ എന്നതിൽനിന്ന് മാറി പ്രമേഹവും, ഷുഗറും തൊട്ട് കാൻസറും എയ്ഡ്സും വരെ മാറ്റാൻ കഴിയുന്ന ചികിത്സാരീതി എന്ന നിലയിൽ ആണ് യോഗ ഇന്ന് പ്രചരിക്കുന്നത്. എന്നാൽ ഇത് തികച്ചും അശാസ്ത്രീയമാണ്. യോഗാ ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന കൃത്രിമമായ പഠന റിപ്പോർട്ടുകൾ അല്ലാതെ ഒരു ശാസ്ത്രീയ പഠനത്തിലും യോഗയെ ഒരു ചികിത്സാപദ്ധതിയായി കണ്ടിട്ടില്ല. ഒരു അംഗീകൃത ശാസ്ത്രമാസികയിലും ഇതു സംബന്ധിച്ച് പഠനവും വന്നിട്ടില്ല. ശാസ്ത്രീയമായ മെറ്റബോളിക്ക്‌ ചേമ്പർ പരീക്ഷണങ്ങൾ തെളിയിക്കുന്നത് യോഗയ്ക്ക് ഒരു നല്ല വ്യായാമത്തിന്റെ ഗുണം ഇല്ലയെന്നാണ്. കൃത്യമായി പറഞ്ഞാൽ യോഗ ശരിയായ ഒരു വ്യായാമമുറ പോലുമല്ല.

ചരിത്രം പരിശോധിച്ചാലും ഇന്ത്യയിലെ സാധാരണക്കാരെ പോയിട്ട്, രാജാക്കന്‍മാരെപോലും പൗരാണികകാലത്ത് യോഗയുടെ അസുഖം ബാധിച്ചിട്ടുണ്ടായിരുന്നില്ല എന്നു കാണാം. 1888-ൽ, കർണാടകയിൽ ജനിച്ച ടി.കൃഷ്ണമാചാരിയാണ് യോഗയെ ഉയിർത്തെഴുന്നേൽപ്പിച്ചത്. മൈസൂർ രാജാവായ കൃഷ്ണദേവ വോഡയാർ കാശിയിൽവെച്ച്, കൃഷ്ണമാചാരിയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. യോഗക്ക് ഒരു ഔദ്യോഗിക സ്വരം വരുന്നത് അന്നുതൊട്ടു മാത്രമാണ്. ഇന്നുകാണുന്ന രീതിയിലേക്ക് യോഗയെ വ്യാഖ്യാനിച്ചത് അദ്ദഹേമാണ്.

കൃഷ്ണമാചാര്യയുടെ മരണശേഷം സഹോദരൻ ബി.കെ.എസ് അയ്യാർ, മകൻ ടി.വി.കെ ദേശികാചാർ, കെ.പട്ടാഭി എന്നിവരാണ് യോഗയെ വിദേശത്ത് എത്തിച്ചത്. സാധാരണക്കാർക്ക് ചെയ്തു നോക്കാൻ ഉതകുന്ന യോഗാസന മുറകളും, ധ്യാനവുമൊക്കെ വികസിച്ചത് ഇക്കാലത്താണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ്. പ്രൊഫസര്‍ എം എന്‍ വിജയൻ മാഷ് യോഗയെക്കുറിച്ചു ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി. “മനുഷ്യന്‍ എന്നത് ജന്തുക്കള്‍ക്കിടയിലെ ഒരു വിശേഷ ജീവിയാണ്. ബുദ്ധിയും ധിഷണയും ചിന്താബോധവും വിവേകവും ശാസ്ത്രവും കലയും വിശ്വാസവും അങ്ങനെ പലതും മനുഷ്യവര്‍ഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന്റെ അര്‍ഥം മനുഷ്യര്‍ക്കെല്ലാ കഴിവുമുണ്ടെന്നും മറ്റു മൃഗങ്ങള്‍ ഒന്നിനും കൊള്ളാത്തവയാണെന്നുമല്ല. മനുഷ്യര്‍ക്കില്ലാത്ത ചില കഴിവുകള്‍ മൃഗങ്ങള്‍ക്കുമുണ്ട്. അതില്‍ പ്രമുഖമായതാണ് മനുഷ്യര്‍ക്ക് അവരുടെ ശരീരം കൊണ്ട് സാധാരണ ഗതിയില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ചില വിന്യാസങ്ങള്‍ മൃഗങ്ങളില്‍ ചിലതിന് ചെയ്യാന്‍ കഴിയുമെന്നത്. ഒരു മൃഗത്തിന് ചെയ്യാന്‍ കഴിയുന്നത് മറ്റൊരു മൃഗത്തിന് ചെയ്യാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല താനും. ഇത്തരത്തില്‍ ഓരോരോ ജന്തുക്കള്‍ ചെയ്യുന്ന ശാരീരിക നിലകള്‍ നിരീക്ഷിച്ച ശേഷം അത് തനിക്കും ചെയ്യാനാകുമോ എന്ന് മനുഷ്യന്‍ തന്റെ ശരീരം കൊണ്ട് പരീക്ഷിച്ചു നോക്കുന്നതിനെയാണ് യോഗ എന്നു പറയാവുന്നത്“ എന്നാണ് മാഷ് വ്യാഖ്യാനിച്ചത്.

അത്തരം ഒരു വ്യാഖ്യാനം അതിനു മുമ്പോ ശേഷമോ കേട്ടിട്ടില്ല. കുക്കുടാസനം എന്ന ആസനം കുക്കുടം അഥവാ കോഴിക്ക് അനായാസം നിര്‍വഹിക്കാന്‍ സാധിക്കുന്നതാണ്. അത് പറ്റുമോ എന്നാണ് മനുഷ്യന്‍ പരീക്ഷിക്കുന്നത്. ഗരുഡാസനം(പരുന്ത്), മത്സ്യാസനം(മത്സ്യം), അധോ മുഖ ശ്വാനാസനം(നായ), ബധകോനാസനം(ചിത്രശലഭം), മാര്‍ജാരാസനം(പൂച്ച), ഉസ്ത്രാസനം(ഒട്ടകം), ശിശുവാസനം(കുട്ടി), ഭുജംഗാസനം(മൂര്‍ഖന്‍), ശവാസനം(മൃതദേഹം) എന്നിവയൊക്കെ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നതനുസരിച്ച് മൃഗ-മനുഷ്യ വിശേഷാവസ്ഥകള്‍ അനുകരിക്കാനുള്ള പരിശ്രമങ്ങളോ അന്വേഷണങ്ങളോ ആയി യോഗയെ വ്യാഖ്യാനിക്കാമെന്നു സാരം.

അപ്പോള്‍, യോഗയെന്നല്ല ഏതു തരത്തിലുള്ള മനുഷ്യാവിഷ്‌ക്കാരവും അത്, എം എന്‍ വിജയന്‍മാഷ് വ്യാഖ്യാനിച്ചതു പോലെ മൃഗനിലമകളെ അനുകരിക്കാനുള്ള പരിശ്രമങ്ങളാണെങ്കിലും അല്ലെങ്കിലും; മത വര്‍ഗീയതക്കും അതുവഴിയുള്ള അധികാരവേട്ടക്കും പ്രയോജനപ്പെടുത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നു തന്നെയാണ് ബോധ്യമാവുന്നത്.

എന്താണ് യോഗ കൊണ്ട് നേട്ടമെന്ന ശ്രീനാരായണ ഗുരുവിന്റെ ചോദ്യത്തിന് യോഗ അഭ്യാസി പറഞ്ഞത്, ‘യോഗ ശോധനക്ക് നല്ലതാണെ’ന്നായിരുന്നു. ‘അതിന് ഇത്രയും പാടുകഴിക്കണോ ലേശം ആവണക്കെണ്ണ കുടിച്ചാൽ പോരെ ?’എന്നായിരുന്നു ഗുരു തിരിച്ചു ചോദിച്ചത്. അപ്പോള്‍ നമുക്ക് യോഗ തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യാം. അവരുടെ യോഗം, നമ്മുടെയും. ശാന്തി, ശാന്തി.

വാസ്തവത്തിൽ യോഗ ഒരു നല്ല വ്യായാമ മുറപോലുമല്ലെന്ന് ഈ വീഡിയോയിൽ സി.വിശ്വനാഥൻ ഡോക്ടർ വിശദീകരിക്കുന്നുണ്ട്. ’ശീർഷാസനം’ എന്നവാക്ക് 19 ആം നൂറ്റാണ്ടിന് മുൻപുള്ള ഒരു പുസ്തകത്തിൽ കണ്ടെത്തിയാൽ ഒരുലക്ഷം രൂപ നൽകാമെന്ന 9 വർഷം മുൻപ് നടത്തിയ വിശ്വനാഥൻ ഡോക്ടറുടെ വെല്ലുവിളി ഈ യോഗാദിനത്തിലും വെല്ലുവിളിയായി തന്നെ അവശേഷിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *