Sun. Jun 14th, 2026

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിനെ പിടിച്ചുകെട്ടി മൊറോക്കോ. ന്യൂയോര്‍ക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് മൊറോക്കോ ആണ് ആദ്യം ഗോള്‍വല ചലിപ്പിച്ചത്. 21-ാം മിനുട്ടില്‍ ഇസ്മാഇല്‍ സെയ്ബാരിയാണ് ആഫ്രിക്കന്‍ ടീമിന്റെ ഗോള്‍ നേടിയത്. 32-ാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട തിരിച്ചടിച്ചു. വിനീഷ്യസ് ജൂനിയര്‍ ആയിരുന്നു സ്‌കോറര്‍.

2002നു ശേഷം തളര്‍ച്ച നേരിടുന്ന കാനറികള്‍ പുതിയ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിക്ക് കീഴിലാണ് ഇത്തവണ ലോകകപ്പിനെത്തിയത്. എന്നാല്‍, ടീം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. ബ്രസീല്‍ മധ്യനിരയിലെ പ്രതിരോധ പിഴവാണ് മൊറോക്കോയുടെ ഗോളില്‍ കലാശിച്ചത്.

ബ്രാഹിം ഡിയാസിന്റെ മുന്നേറ്റത്തില്‍ നിന്നാണ് മൊറോക്കോയുടെ ഗോള്‍ പിറന്നത്. തനിക്ക് ലഭിച്ച പന്ത് അതിവേഗതയില്‍ ബോക്‌സിലേക്ക് ഓടിക്കയറിയ സെയ്ബാരി ബ്രസീല്‍ ഗോളി ആലിസണ്‍ ഡെക്കറിന് മുകളില്‍ കൂടി ലോബ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതില്‍ പതറാതെ മുന്നേറ്റങ്ങള്‍ കെട്ടിപ്പടുത്ത മഞ്ഞപ്പടക്ക് അധികം താമസിയാതെ തന്നെ അതിനുള്ള ഫലം ലഭിച്ചു. 32-ാം മിനുട്ടില്‍ വിനീഷ്യസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയാണ് ബ്രസീല്‍ സമനില പിടിച്ചത്. മൊറോക്കോ പ്രതിരോധ നിരയെ കീറിമുറിച്ച് മുന്നേറിയ വിനീഷ്യസ് മനോഹരമായ ഒരു മഴവില്‍ ഷോട്ടിലൂടെ വലയില്‍ പന്തെത്തിച്ചു.

രണ്ടാം പകുതിയിലും കളി ആവേശകരമായിരുന്നെങ്കിലും ഗോള്‍ മാത്രം മാറിനിന്നു. ഇരു ടീമുകളും പല അവസരങ്ങളിലായി എതിര്‍ ഗോള്‍മുഖത്ത് ഭീതി സൃഷ്ടിച്ചെങ്കിലും പ്രതിരോധ നിര വിഫലമാക്കി. ഈമാസം 20ന് ഹെയ്തിയുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം. ഇതേ ദിവസം തന്നെ മൊറോക്കോ, സ്‌കോട്ട്‌ലന്‍ഡുമായി മാറ്റുരക്കും.

Leave a Reply

Your email address will not be published. Required fields are marked *