Sat. Jun 13th, 2026

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളുടെ പട്ടിക കെ എസ് ആര്‍ ടി സി പുറത്തിറക്കി. സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ്, ടൗണ്‍ ടു ടൗണ്‍ എന്നിങ്ങനെ ഏഴ് വിഭാഗം ബസ്സുകളിലാണ് സൗജന്യയാത്ര ലഭിക്കുക.

സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ സര്‍വീസുകള്‍ മുതല്‍ മുകളിലോട്ടുള്ള മറ്റ് എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍, ഉത്സവകാല സ്പെഷ്യല്‍ സര്‍വീസുകള്‍, വീക്ക് എന്‍ഡ് അഡീഷണല്‍ സര്‍വീസുകള്‍, ബി ടി സി സര്‍വീസുകള്‍, ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ എന്നിവയില്‍ സൗജന്യയാത്ര അനുവദനീയമല്ല.

സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15ന് രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ആദ്യ സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍ പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ് 8.30ന് ശേഷമായിരിക്കും സ്ത്രീകള്‍ക്കു സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയുക. മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെ കുറച്ചു ദൂരം ആദ്യ സര്‍വീസില്‍ യാത്ര ചെയ്യും. പ്രത്യേകം കാര്‍ഡുകളോ സര്‍ട്ടിഫിക്കറ്റുകളോ റജിസ്‌ട്രേഷനോ ഒന്നും ആവശ്യമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യം ലഭിക്കും. ആദ്യഘട്ടത്തില്‍ 3,125 ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെ എസ് ആര്‍ടി സിക്ക് സര്‍ക്കാര്‍ ഗ്രാന്റായി പണം നല്‍കും.

ഏകദേശം രണ്ടു കോടിയിലധികം രൂപ പ്രതിദിനം ഇതിനായി വേണ്ടിവരും. ചെലവുകള്‍ കൃത്യമായി അറിയാന്‍ എല്ലാ സ്ത്രീകള്‍ക്കും സീറോ ടിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ധനപരമായി നഷ്ടമാണെന്നു തോന്നുമെങ്കിലും സ്ത്രീകള്‍ മിച്ചംവയ്ക്കുന്ന പണം വിപണിയിലേക്കു തന്നെ എത്തുന്നത് സാമ്പത്തികരംഗത്തിനു നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പരസ്യങ്ങള്‍ നല്‍കുകയും ബസുകള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുകയും ചെയ്യും. ഇപ്പോഴുള്ള 58 ഗ്രാമവണ്ടികള്‍ 500 ആക്കി ഉയര്‍ത്തും. ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വികസനസമിതി രൂപീകരിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്.

സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.പത്തു വര്‍ഷം മുന്‍പ് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ 30,000 ബസുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പതിനായിരത്തില്‍ താഴെയാണ്. സ്വകാര്യബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അവരോട് ഒരു ശത്രുതയുമില്ല. അവരെ നശിപ്പിക്കുക എന്നുള്ള ലക്ഷ്യം കെ എസ് ആര്‍ ടി സിക്കോ ഗവണ്‍മെന്റിനോ ഇല്ല. ഒപ്പം തിരിച്ചും പാടില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി റൂട്ട് റിസര്‍ച്ച് നടത്തി ആ റൂട്ടുകളിലേക്കു സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *