Fri. Jun 12th, 2026

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ട് രാജ്യസഭാംഗങ്ങൾ കൂടി രാജിവെച്ചതോടെ പാർട്ടിയിൽ പൊട്ടിത്തെറി തുടരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ നാല് ടിഎംസി എംപിമാരാണ് രാജ്യസഭാ അംഗത്വം രാജിവെച്ചത്. സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർക്ക് പിന്നാലെ പ്രകാശ് ചിക് ബറൈക്ക്, കോയൽ മല്ലിക്ക് എന്നിവരാണ് ഇന്ന് രാജി സമർപ്പിച്ചത്. ഇതോടെ രാജ്യസഭയിലെ തൃണമൂൽ അംഗസംഖ്യ 13-ൽ നിന്ന് 9 ആയി കുറഞ്ഞു. ഈ മാറ്റം നാല് രാജ്യസഭാ സീറ്റുകൾ ബിജെപിക്ക് ലഭിക്കാൻ വഴിയൊരുക്കിയിരിക്കുകയാണ്.

അതേസമയം, മമതാ ബാനർജിയുടെ വിശ്വസ്തൻ കല്യാൺ ബാനർജിയും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. അഭിഷേക് ബാനർജിക്കെതിരായ നിലപാട് വ്യക്തമാക്കിയ കല്യാൺ ബാനർജി, അദ്ദേഹം പാർട്ടിയിലുണ്ടെങ്കിൽ താൻ തുടരില്ലെന്ന് വ്യക്തമാക്കി. വ്യാജ ഒപ്പ് കേസിലെ അഭിഭാഷക സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അന്തിമ തീരുമാനം മമതാ ബാനർജി കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുഭാഗത്ത്, വിമത എംപിമാർ ലോക്‌സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 28 എംപിമാരിൽ 20 പേരും വിമത പക്ഷത്താണെന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. സ്പീക്കർ ഈ ആവശ്യം അംഗീകരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൂടുതൽ എംപിമാർ വിമത പക്ഷത്തേക്ക് മാറുമെന്ന സൂചനകൾ കൂടി പുറത്തുവരുന്നതോടെ ടിഎംസിയുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *