കൊല്ലം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഇടപാടുകൾ സ്വകാര്യ സംഘത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. സ്വന്തം ഭാഗത്തെ തെറ്റുകൾ മറച്ചുവെക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നുവെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാവുകയാണ്. ഒരു ഉത്തരവാദിത്തപ്പെട്ട സർക്കാരിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വീഴ്ചയാണ് ഇതെന്ന് അദ്ദേഹം തുറന്നടിച്ചു.
ധനവകുപ്പിന്റെ അതിരഹസ്യമായി സൂക്ഷിക്കേണ്ട വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന വിവരങ്ങൾ സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിന് പുറത്തുള്ളവർക്ക് കൈമാറി എന്നതാണ് പ്രധാന ആരോപണം. ദൈനംദിന വരവുചെലവ് കണക്കുകൾ, ഭാവിയിലെ സാമ്പത്തിക അനുമാനങ്ങൾ, സർക്കാരിന്റെ രഹസ്യ ഇടപാടുകൾ എന്നിവയെല്ലാം ഇത്തരത്തിൽ ചോർന്നു എന്നതാണ് ഗുരുതരമായ ആരോപണത്തിന് അടിസ്ഥാനം.
താൻ ചൂണ്ടിക്കാണിച്ച തെറ്റിനെ ലഘൂകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാമ്പത്തിക വർഷാവസാനം ധനമന്ത്രിമാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ക്യാഷ് ബാലൻസും വരവുചെലവ് കണക്കുകളും രഹസ്യമാണോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. എന്നാൽ, ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം മുഖ്യമന്ത്രി മനഃപൂർവ്വം അവഗണിക്കുകയാണെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് അറിയേണ്ട ഔദ്യോഗിക കണക്കുകൾ പുറത്തുവിടുന്നതും, സർക്കാരിന്റെ സീക്രട്ട് സെക്ഷനുകളിലെ അതിരഹസ്യ റിപ്പോർട്ടുകൾ സ്വകാര്യ ഏജൻസികൾക്ക് വിട്ടുകൊടുക്കുന്നതും ഒരേ നിലവാരത്തിൽ കാണാൻ കഴിയില്ല.
“രാജ്യത്തെ ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്,” കെ.എൻ. ബാലഗോപാൽ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

