തിരുവനന്തപുരം: സിപിഐഎം നേതാവ് എം. സ്വരാജ് ഇഡി റെയ്ഡിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ഇഡി ഉദ്യോഗസ്ഥരുടെ കൂട്ടിക്കൊടുപ്പുകാരായി കോൺഗ്രസ് മാറിയെന്നും, സംഘപരിവാറിന് ചൂട്ടുപിടിക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നും സ്വരാജ് ആരോപിച്ചു. വി.ഡി. സതീശനും കേന്ദ്രസർക്കാരും ഒത്തുചേർന്നാണ് ഈ നീക്കം നടത്തുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനെതിരെ സാധാരണ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇഡി ഉദ്യോഗസ്ഥർ അതീവ രഹസ്യമായാണ് റെയ്ഡ് നടപ്പിലാക്കിയത്. രാവിലെ ആറ് മണിയോടെ സംസ്ഥാനത്തിനകത്തും പുറത്തുമായി പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന ആരംഭിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതി, കണ്ണൂരിലെ സ്വന്തം വീട്, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് എന്നിവിടങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധന നടക്കുമ്പോൾ പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു.
2017-2020 കാലയളവിൽ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് 1.72 കോടി രൂപ ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് ആധാരം. സേവനങ്ങൾ നൽകാതെയാണ് ഈ പണം കൈമാറിയതെന്നും, ഉന്നതബന്ധങ്ങൾ പരിഗണിച്ചാണ് പണം നൽകിയതെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. കേസ് അന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഇഡി നടപടികൾ ശക്തമാക്കിയത്. റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധം കടുപ്പിക്കുകയാണ്.

