Sat. May 16th, 2026

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാലുദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വിജയ് മുഖ്യമന്ത്രിയായി നാളെ അധികാരമേൽക്കും. നാളെ രാവിലെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാകും സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന തർക്കങ്ങൾക്കാണ് ഇതോടെ അന്ത്യമായത്. കോൺഗ്രസിനും വി.സി.കെയ്ക്കും പിന്നാലെ ഇടതുപക്ഷ പാർട്ടികളും മുസ്ലിം ലീഗും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ്‍യുടെ അംഗബലം 120 ആയി ഉയർന്നു.

ഗവർണർ രാജേന്ദ്ര അർലേക്കറുമായി രാജ്ഭവനിൽ നടത്തിയ മൂന്നാം വട്ട കൂടിക്കാഴ്ചയിലാണ് വിജയ് തന്റെ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കൈമാറിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചകളിലും ഭൂരിപക്ഷത്തിൽ ഗവർണർ വ്യക്തത തേടിയിരുന്നെങ്കിലും, ഇത്തവണ 120 എം.എൽ.എമാരുടെ പിന്തുണയുമായാണ് വിജയ് എത്തിയത്. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുന്നതിലുണ്ടായ കാലതാമസത്തിനെതിരെ ടി.വി.കെ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഒടുവിൽ ഗവർണർ വഴങ്ങിയതോടെ നാളെ തന്നെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കങ്ങളുമായി ടി.വി.കെ മുന്നോട്ട് പോവുകയായിരുന്നു.

സി.പി.ഐ.എം, സി.പി.ഐ എന്നീ പാർട്ടികൾ പുറത്തുനിന്നുള്ള പിന്തുണയാണ് വിജയിക്ക് നൽകുന്നത്. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് തടയാനാണ് വിജയിയെ പിന്തുണയ്ക്കുന്നതെന്ന് ഇടതുനേതാക്കൾ വ്യക്തമാക്കി. വി.സി.കെ നേതാവ് തിരുമാവളവൻ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസ് മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമായാൽ ലീഗും ഭരണത്തിന്റെ ഭാഗമായേക്കും. ഗവർണറെ കണ്ടിറങ്ങിയ വിജയ് തനിക്ക് പിന്തുണ നൽകിയ പാർട്ടികളുടെ ഓഫിസുകൾ സന്ദർശിച്ച് നന്ദി അറിയിക്കും. തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിനാണ് നാളത്തെ സത്യപ്രതിജ്ഞയോടെ തുടക്കമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *