Sat. May 16th, 2026

മലയാള സിനിമയിൽ തിരക്കഥാകൃത്തായി ശ്രദ്ധേയനായ സുനീഷ് വാരനാട് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു. മോഹൻലാൽ, ഈശോ, പൊറാട്ട് നാടകം തുടങ്ങിയ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഹ്യൂപ്പു’ എന്നാണ് പേരിട്ടിരിക്കുന്നത്. 2023-ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയായ സുനീഷ് വാരനാട് തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.

കുട്ടികൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ സിനിമയുടെ പ്രമേയം ഏറെ ഹൃദ്യമാണ്. രണ്ട് കുട്ടികളും ഒരു ദേശാടനപക്ഷിയും തമ്മിലുള്ള വൈകാരികമായ ബന്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എഴുത്തിൽ നിന്നും സംവിധാനത്തിലേക്കുള്ള തന്റെ പുതിയ ചുവടുവെപ്പ് വലിയൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും വർഷങ്ങളായുള്ള ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും ടൈറ്റിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും സുനീഷിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മഞ്ജു ഗോപിനാഥാണ് ചിത്രത്തിന്റെ പി ആർ ഒ.

Leave a Reply

Your email address will not be published. Required fields are marked *