Mon. Apr 20th, 2026

സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഹ്രസ്വചിത്ര രംഗത്ത് വിസ്മയം തീർക്കുന്ന ജേക്കബ് ബ്രദേഴ്സിന്റെ പുതിയ തമിഴ് മ്യൂസിക് വീഡിയോ ‘ദ ക്വീൻ’ ശ്രദ്ധനേടുന്നു. എഐ സാങ്കേതികവിദ്യയുടെയും വിഎഫ്എക്സിന്റെയും സഹായത്തോടെ ഒരുക്കിയ ഈ ഗാനം വെറും 3 മിനിറ്റ് 22 സെക്കൻഡുകൾ കൊണ്ട് ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. പൂർണ്ണമായും എഐ ഉപയോഗിച്ചാണ് ഇതിന്റെ ഓഡിയോ സെറ്റ് ചെയ്തിരിക്കുന്നത് എന്നത് ഈ സൃഷ്ടിയെ വേറിട്ടുനിർത്തുന്നു.

ജേക്കബ് ബ്രദേഴ്സിലെ ഷാനു എസ്. ജേക്കബ് ആണ് ഈ ദൃശ്യാവിഷ്കാരം ഒരുക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ആൽബി ആന്റണിയാണ് വീഡിയോയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. തിരുവനന്തപുരത്തെ ഇമേജ് ക്രിയേറ്റീവ് എജ്യുക്കേഷനിൽ വിഎഫ്എക്സ് ഫാക്കൽറ്റി കൂടിയായ ഷാനു, വലിയ ബജറ്റുകൾ ഇല്ലാതെ തന്നെ ഉയർന്ന നിലവാരത്തിലുള്ള സിനിമാറ്റിക് കണ്ടന്റ് സൃഷ്ടിക്കാൻ ഇന്നത്തെ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് ‘ദ ക്വീൻ’ വഴി തെളിയിച്ചിരിക്കുകയാണ്. ഭാവിയിലെ സിനിമാ-സംഗീത നിർമ്മാണ രീതികളിൽ ഇത്തരം പരീക്ഷണങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇതുവരെ മുപ്പതോളം ഷോർട്ട് ഫിലിമുകൾ ഒരുക്കി പരിചയസമ്പന്നരായ ജേക്കബ് ബ്രദേഴ്സ്, സംവിധാനവും എഡിറ്റിംഗും സ്വയം നിർവ്വഹിച്ചാണ് തങ്ങളുടെ സൃഷ്ടികൾ പുറത്തിറക്കുന്നത്. മുൻപ് ഇവർ ഒരുക്കിയ ‘തഹാറൂഷ് ജമായ്‌’ എന്ന ഹ്രസ്വചിത്രത്തിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ഫോർ എക്സലൻസ് ലഭിച്ചിരുന്നു. ‘സകൂടുംബം’ എന്ന വെബ് സീരീസും ‘വേൾഡ് എൻഡ്’ എന്ന ഹ്രസ്വചിത്രവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. പുതിയ പരീക്ഷണമായ ‘ദ ക്വീൻ’ കൂടി എത്തുന്നതോടെ എഐ സിനിമകളുടെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുകയാണ് ഈ കലാകാരന്മാർ.

Leave a Reply

Your email address will not be published. Required fields are marked *