ന്യൂഡൽഹി: പ്രശസ്ത സിനിമാ-സീരിയൽ താരം ജി. കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) പാർട് ടൈം ചെയർമാനായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കൃഷ്ണകുമാറിനെ എൻ.എഫ്.ഡി.സിയുടെ നോൺ ഒഫീഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ച ഉത്തരവ് പുറത്തിറങ്ങി.
ദൂരദർശനിൽ വാർത്താ അവതാരകനായി കരിയർ ആരംഭിച്ച കൃഷ്ണകുമാർ പിന്നീട് മിനിസ്‌ക്രീൻ രംഗത്തും വെള്ളിത്തിരയിലും സജീവമാകുകയായിരുന്നു. 1994-ൽ പുറത്തിറങ്ങിയ ‘കശ്മീരം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. തുടർന്ന് നിരവധി മലയാള സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
അഭിനയത്തിന് പുറമെ സജീവ രാഷ്ട്രീയത്തിലും കൃഷ്ണകുമാർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയിലാണ് അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തത്. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.

