ഹൈദരാബാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ കൊഴുക്കവേ, കോണ്‍ഗ്രസ്സിനെ വിശ്വസിക്കരുതെന്ന പ്രസ്താവനയുമായി ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) നേതാവ് കെ കവിത. തെലങ്കാനയിലെ ജനങ്ങളെ കോണ്‍ഗ്രസ്സ് വഞ്ചിച്ചു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത കോണ്‍ഗ്രസ്സിനെയും രേവന്ത് റെഡ്ഢിയെയും കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കരുത്. തെലങ്കാനയില്‍ നടത്തിയ അഴിമതിയില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് റെഡ്ഢി കേരളത്തില്‍ പ്രചാരണം നടത്തുന്നതെന്നും കവിത ആരോപിച്ചു. വീഡിയോയിലൂടെയാണ് ആരോപണങ്ങളുമായി ബി ആര്‍ എസ് നേതാവ് രംഗത്തെത്തിയത്.
തെലങ്കാനയില്‍ അവര്‍ കോണ്‍ഗ്രസ്സും റെഡ്ഢിയും ആറ് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, അതില്‍ പകുതി പോലും അവര്‍ കൃത്യമായി നടപ്പിലാക്കിയിട്ടില്ല. സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നല്‍കിയില്ല. യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും കര്‍ഷകര്‍ക്ക് ബോണസ് നല്‍കുമെന്നും പറഞ്ഞ് പറ്റിച്ചു. പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല.
കോണ്‍ഗ്രസ് നിങ്ങളെ വഞ്ചിക്കുമെന്ന് തെലങ്കാനയില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. അഴിമതിയും വഞ്ചനയുമാണ് തെലങ്കാനയിലെ കോണ്‍ഗ്രസ്സിന്റെ ചരിത്രമെന്നും അവര്‍ തെലങ്കാനയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഒരു എ ടി എം ആയിട്ടാണ് ഉപയോഗിക്കുന്നതെന്നും കവിത കുറ്റപ്പെടുത്തി.
കേരളത്തില്‍ വിജയന്‍ ജി വളരെ മികച്ച രീതിയിലാണ് ഭരണം നടത്തുന്നത്. ഇടതുപക്ഷത്തിനും വിജയന്‍ ജിക്കും വോട്ട് ചെയ്യണമെന്നത് തെലങ്കാനയുടെ മകളുടെ വിനീതമായ അഭ്യര്‍ഥനയാണെന്നും വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു.

