Tue. Apr 7th, 2026

ഫ്ലോറിഡ: ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാൽ എഴുതപ്പെടേണ്ട പുതിയൊരു അധ്യായം കൂടി പിറന്നിരിക്കുകയാണ്. ദശകങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, ആർട്ടെമിസ് ദൗത്യസംഘം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി. അപ്പോളോ 13 സംഘം 1970-ൽ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇന്ത്യൻ സമയം പുലർച്ചെ 4:37-ന്, ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ എത്തിയതോടെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന ഖ്യാതി ഈ നാലംഗ സംഘത്തിന് സ്വന്തമായി.

ഒറിയോൺ എന്ന പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ചത് ഈ ചരിത്ര നിമിഷത്തിന് സാക്ഷിയായാണ്. 1972-ന് ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ സ്വാധീന മേഖലയിൽ വീണ്ടും എത്തുന്നത്. പുലർച്ചെ 4:32-ന് ചന്ദ്രനോട് ഏറ്റവും അടുത്ത ദൂരത്ത് പേടകമെത്തിയപ്പോൾ, ഭൂമിയിലേക്ക് ആദ്യമായി സന്ദേശമയച്ചത് സംഘാംഗമായ ക്രിസ്റ്റീന കുക്ക് ആയിരുന്നു. ചന്ദ്രന്റെ പിന്നിലേക്ക് പേടകം നീങ്ങിയ വേളയിൽ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെങ്കിലും, പിന്നീട് വിജയകരമായി അത് പുനസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ചന്ദ്രന്റെ മറുപുറത്തു നിന്നുള്ള ഉദയാസ്തമയങ്ങളുടെ വിസ്മയക്കാഴ്ചകൾക്കും ഈ സംഘം സാക്ഷികളായി.

ദൗത്യം വിജയകരമായി പകുതി പിന്നിടുമ്പോൾ, മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങളിലാണ് ആർട്ടെമിസ് സംഘം. ഏഴാം ദിനത്തിന്റെ പകുതിയോടെ ഭൂമിയിലേക്കുള്ള മടക്കം ആരംഭിക്കും. എട്ടാം ദിവസം പേടകത്തിന്റെ പൂർണ്ണ നിയന്ത്രണം പൈലറ്റ് ഏറ്റെടുക്കുന്നതോടെ തിരിച്ചിറക്കത്തിനുള്ള സുപ്രധാന ഘട്ടങ്ങൾ തുടങ്ങും. പത്താം ദിവസം ഒറയോൺ സുരക്ഷിതമായി ഭൂമിയിൽ വന്നിറങ്ങുന്നതോടെ മനുഷ്യരാശിയുടെ ഈ സ്വപ്നതുല്യമായ യാത്രയ്ക്ക് സമാപ്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *