Tue. Apr 7th, 2026

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ആറുവിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് സീസണിലെ രണ്ടാം വിജയം ആഘോഷിച്ചു. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. 51 പന്തിൽ 90 റൺസ് അടിച്ചുകൂട്ടിയ യുവതാരം സമീർ റിസ്‌വിയാണ് ഡൽഹിയുടെ വിജയശിൽപ്പി.

163 റൺസ് പിന്തുടർന്ന ഡൽഹിക്ക് തുടക്കത്തിൽ തന്നെ കെ.എൽ രാഹുലിനെയും (1) നിതീഷ് റാണയെയും (0) നഷ്ടമായി. ഏഴ് റൺസിനിടെ രണ്ട് വിക്കറ്റ് വീണെങ്കിലും സമീർ റിസ്‌വിയും പതും നിസ്സങ്കയും ചേർന്ന് ടീമിനെ കരകയറ്റി. 30 പന്തിൽ 44 റൺസെടുത്ത നിസ്സങ്ക പുറത്തായതോടെ സമീർ റിസ്‌വി സംഹാരരൂപം പൂണ്ടു. 11-ാം ഓവറിൽ 20 റൺസടിച്ച താരം വെറും 12 ഓവറിനുള്ളിൽ അർധസെഞ്ചുറി തികച്ചു. 51 പന്തിൽ 90 റൺസെടുത്ത റിസ്‌വി പുറത്താകുമ്പോഴേക്കും ഡൽഹി ജയത്തിനടുത്തെത്തിയിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്. നായകൻ സൂര്യകുമാർ യാദവ് (51), രോഹിത് ശർമ (35) എന്നിവരുടെ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ആദ്യ മത്സരത്തിന് പിന്നാലെ വീണ്ടും അർധസെഞ്ചുറിയുമായി തിളങ്ങിയ സമീർ റിസ്‌വി ഡൽഹിയുടെ വിശ്വസ്ത ബാറ്ററായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *