Tue. Apr 7th, 2026

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ പോലീസിനും പ്രോസിക്യൂഷനും നിർണ്ണായക നീക്കം. നടിയുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായ രഞ്ജിത്തിനെ കോടതി തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കസ്റ്റഡി അനുവദിച്ചത്. ഇതിന് പിന്നാലെ, അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സിനിമ സെറ്റിലെ രണ്ട് ക്യാരവാനുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചി എആർ ക്യാമ്പിലേക്ക് മാറ്റി. ഷൂട്ടിങ്ങിനിടെ ഒരു ക്യാരവാനിൽ വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവനടിയുടെ മൊഴി.

കോടതിയിൽ രഞ്ജിത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ്. രാജീവ് ഹാജരായി. രഞ്ജിത്ത് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണെന്നും നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനായി വാദിച്ചു. എന്നാൽ പ്രതി നടത്തിയത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. നേരത്തെ വക്കാലത്തെടുത്തിരുന്ന അഡ്വ. മുഹമ്മദ് സിയാദ് വിവാദങ്ങളെത്തുടർന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് പുതിയ അഭിഭാഷകൻ എത്തിയത്.

ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രഞ്ജിത്തിനെ കാണാൻ ക്യാരവാനിൽ കയറിയപ്പോൾ ഉണ്ടായ ദുരനുഭവം വലിയ മാനസികാഘാതമുണ്ടാക്കിയെന്നും കൗൺസിലിംഗിന് ശേഷമാണ് താൻ പരാതി നൽകാൻ തയ്യാറായതെന്നും നടി വ്യക്തമാക്കി. നടിയുടെ രഹസ്യമൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിൽ ക്യാരവാനിലടക്കം എത്തിച്ച് രഞ്ജിത്തിനെ തെളിവെടുപ്പിന് വിധേയനാക്കും.

Leave a Reply

Your email address will not be published. Required fields are marked *