Tue. Apr 7th, 2026

ടെഹ്‌റാന്‍: ഇറാന്‍ അബൂദബിയില്‍ നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം പ്രവര്‍ത്തനം നിര്‍ത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം കമ്പനികളില്‍ ഒന്നാണ് എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം. 24 ലക്ഷം ടന്‍ അലുമിനിയം കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച ഈ കമ്പനിയുടെ തിരിച്ചു വരവിന് ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്നാണു വിവരം.

അതേ സമയം ഇറാനില്‍ കടുത്ത ആക്രമണം തുടരുന്ന അമേരിക്ക സിവിലിയന്‍ സൗകര്യങ്ങള്‍ തകര്‍ത്തു എട്ടു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗള്‍ഫിന് മേല്‍ ഇറാന്റെ ആക്രമണവും ഇന്ന് കടുത്തു. കുവൈത്തില്‍ റിഫൈനറിയും ജലശുദ്ധീകരണ പ്ലാന്റും ആക്രമിക്കപ്പെട്ടു. യു എ ഇയില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്ന ബഹ്റൈനിന്റെ പ്രമേയത്തില്‍ യുഎന്നില്‍ നാളെ വോട്ടെടുപ്പ് നടക്കും. അമേരിക്ക ഇറാനില്‍ തകര്‍ത്തത് മിഡില്‍ ഈസ്റ്റിലെത്തന്നെ ഏറ്റവും ഉയരമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന പാലമാണ്. ടെഹ്‌റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്മേലുണ്ടായ ബോംബാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഉരുക്ക് ഫാക്റ്ററിയും വലിയ പാലവും തകര്‍ന്നു.

എല്ലാം ഇനിയും തകര്‍ക്കുമെന്ന തുറന്ന വെല്ലുവിളിയാണ് ഉയരുന്നത്. ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ കുവൈറ്റിലെ മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് കുവൈറ്റ് അറിയിച്ചിട്ടുണ്ട്. ജലശുദ്ധീകരണ പ്ലാന്റും ആക്രമിക്കപ്പെട്ടു. യു എ ഇയില്‍ ഇന്ന് മാത്രം പരിക്കേറ്റത് അഞ്ച് ഇന്ത്യക്കാര്‍ക്കാണ്. ഏഴ് നേപ്പാള്‍ പൗരന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *