ഫ്ലോറിഡ: അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം 50 വർഷത്തെ ഇടവേള കഴിഞ്ഞ് മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ് II’ ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോൺ പേടകം വിക്ഷേപണ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ടു. പേടകം വേർപെടുന്നതിന്റെ മനോഹരമായ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. വിക്ഷേപണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ യാത്രികർ പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും നിശ്ചയിച്ചിട്ടുള്ള സുപ്രധാന പരിശോധനകൾ പുരോഗമിക്കുകയാണെന്നും നാസ അറിയിച്ചു.
ഇന്ന് രാവിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ദൗത്യം കുതിച്ചുയർന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക് എന്നീ നാസ സഞ്ചാരികളും കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസെനും അടങ്ങുന്ന നാലംഗ സംഘമാണ് പേടകത്തിലുള്ളത്. ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ദൗത്യം. ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയാണ് ഇവരുടെ ലക്ഷ്യം. അതേസമയം, പേടകത്തിലെ ടോയ്ലെറ്റ് സംവിധാനത്തിൽ ചില ചെറിയ സാങ്കേതിക തടസ്സങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മിഷൻ കൺട്രോളിന്റെ സഹായത്തോടെ യാത്രികർ ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
നാസയുടെ കരുത്തുറ്റ ‘സ്പേസ് ലോഞ്ച് സിസ്റ്റം’ (SLS) റോക്കറ്റിലാണ് ഓറിയോൺ വിക്ഷേപിച്ചത്. 2020-ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷിച്ച ടോയ്ലെറ്റ് സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ദൗത്യം വരാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് മുന്നോടിയായുള്ള സുപ്രധാന ചുവടുവെപ്പാണ്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ ഭാവി പദ്ധതികൾക്ക് ആർട്ടെമിസ് II-ന്റെ വിജയം അനിവാര്യമാണ്. നിലവിൽ ദൗത്യം സുഗമമായി മുന്നോട്ട് പോകുന്നതായാണ് റിപ്പോർട്ടുകൾ.

