Tue. Apr 7th, 2026

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പഴയകാല റേഡിയോ സംഗീതത്തിന്റെ നൊസ്റ്റാൾജിയ ഉണർത്തുന്ന വിധത്തിലാണ് ഗാനത്തിന്റെ തുടക്കം. ഡോൺ വിൻസെന്റ് ഈണം നൽകിയ ഈ രസകരമായ പാട്ടിന് കുഞ്ചാക്കോ ബോബനും സജിൻ ഗോപുവും ദിലീഷ് പോത്തനും ചുവടുവെക്കുന്നു. സംവിധായകൻ തന്നെ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലനും നേഹ നായരും ചേർന്നാണ്.

മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർജുൻ സേതു ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

വയനാട്ടിലെ വിവിധ ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിലെത്തും. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനും ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധനുമാണ്. വിതരണത്തിനെത്തിക്കുന്നത് മാജിക് ഫ്രെയിംസ് റിലീസ് ആണ്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ പ്രൊഡക്ഷൻ ബാനറുകൾ ഒന്നിക്കുന്നു എന്നതും രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ വേറിട്ട മേക്കിംഗും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *