Mon. Apr 6th, 2026

✍️ സുരേഷ്. സി ആർ

“എനിക്കൊരു സ്വപ്നമുണ്ട്, ഒരു ദിവസം എന്റെ നാലു കുട്ടികളും അവരുടെ തൊലി നിറം കൊണ്ടല്ലാതെ, സ്വഭാവത്തിന്റെ വൈശിഷ്ട്യം കൊണ്ട് വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് ജീവിക്കും”. (1963ൽ ലിങ്കൺ മെമ്മോറിയയിലെ പ്രസംഗം).

കറുത്തവർഗ്ഗക്കാരുടെ ഉയർന്നെഴുന്നേൽപ്പും അവരുടെ സാമൂഹ്യമനസ്സാക്ഷിയുടെ ഉണർവ്വും ലക്ഷൃമാക്കി പ്രവർത്തിച്ച മനുഷ്യാവകാശപ്രവർത്തകനായിരുന്നു മാർട്ടിൻ ലൂതർ കിങ് ജൂനിയർ (1929-1968). വർണവെറിക്ക് നിരന്തരം ഇരയായി കൊണ്ടിരുന്ന അമേരിക്കൻ നീഗ്രോസമൂഹത്തെ ഒരുമിപ്പിച്ച് ഗാന്ധിയൻ അഹിംസാമാർഗത്തിലാണ് വംശീയ വിദ്വേഷത്തിനെതിരെ അദ്ദേഹം പൊരുതിയത്.

1955 ഡിസംബർ 1ന് കടുത്ത വംശ വിദ്വേഷം നിറഞ്ഞുനിന്ന സംസ്ഥാനമായ അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗൊമെറിയിൽ തിരക്ക് പിടിച്ച ബസിൽ ഇരിക്കുകയായിരുന്ന റോസപാർക്ക്സ് എന്ന നീഗ്രോവനിതയെ വെള്ളക്കാരനുവേണ്ടി സീറ്റ് ഓഴിഞ്ഞു കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും അതിന്റെ പേരിൽ ഒരു വർഷം നീണ്ടുനിന്ന ബസ് ബഹിഷ്കരണ സമരത്തിലൂടെയാണ് മാർട്ടിൻ ലൂതർ കിങ് മനുഷ്യാവകാശ സമരരംഗത്ത് സജീവമായത്.

വംശീയ വിദ്വേഷത്തിനെതിരെ പോരാടിയ മാർട്ടിൻ ലൂതർ കിങ് എന്ന മഹാന്റെ നിരന്തര സമരവും രക്തസാക്ഷിത്വവും ആണ് ആ തിന്മയ്ക്ക് ഒടുവിൽ അമേരിക്കയിൽ അറുതിവരുത്തിയതും വെള്ളക്കാർക്കൊപ്പം കറുത്തവനും പരിഗണിക്കപ്പെട്ടതും.

ജോർജിയയിലെ അറ്റ്ലാന്റയിൽ ജനനം. എബ്രഹാം ലിങ്കണിന്റെ കാലത്ത് നീഗ്രോകളെ അടിമത്തത്തിൽനിന്നും നിയമപരമായി മോചിപ്പിച്ചിരുന്നെങ്കിലും സമൂഹത്തിൽ അവർക്ക് വെള്ളക്കാർക്കൊപ്പം സമത്വം ലഭിച്ചിരുന്നില്ല. ഈ ദുരവസ്ഥയ്ക്കെതിരെ ബാല്യത്തിൽതന്നെ പ്രതിഷേധമാരംഭിച്ചു.

1957-ൽ പൗരാവകാശപ്രസ്ഥാനത്തിന് നേതൃത്വം നൽകാനുള്ള സതേൺ ക്രിസ്ത്യൻ സമ്മേളനത്തിന്റെ പ്രസിഡന്റായി. വാഷിങ്ഗടൺ ഡി.സി.യിൽ രണ്ടര ലക്ഷത്തിലേറെ ജനങ്ങൾ പങ്കെടുത്ത സമാധാനയാത്രയിൽ, പ്രസ്ഥാനത്തിന്റെ തിരിച്ചടിയിൽ നിരാശയോടെയും എന്നാൽ ഭാവിയെപ്പറ്റി ശുഭാപ്തി വിശ്വാസത്തോടെയും നടത്തിയ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം ചരിത്രപ്രസിദ്ധമായി. ആ വാക്കുകൾ മനുഷ്യാവകാശസമരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ധീരവും സുന്ദരവുമായ വാങ്മയമായി. നൂറ്റാണ്ടുകളിലെ അടിമത്തം കുടഞ്ഞെറിഞ്ഞിട്ടും പിന്നെയും പീഡിതരായിക്കഴിയുന്ന അമേരിക്കൻ നീഗ്രോകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു അത്.

വിദ്യാലയത്തിലും തൊഴിലിലും ഭക്ഷണശാലയിലും ദേവാലയത്തിലും സിനിമാശാലയിലുമെല്ലാം വിവേചനം നേരിട്ട അമേരിക്കൻ നീഗ്രോയ്ക്കുവേണ്ടി ശബ്ദമുയർത്തിയ അദ്ദേഹത്തിനുനേരെ നൂറുകണക്കിനു തവണ വധഭീഷണികളുണ്ടായി. ഒരിക്കൽ മൊണ്ട്ഗോമറിയിലെ വീട് ബോംബുവച്ച് തകർക്കപ്പെട്ടു. ടെലിഫോൺ ചോർത്തിയും നുണകൾ പ്രചരിപ്പിച്ചും കിങിനെ തകർക്കുക അമേരിക്കൻ കേന്ദ്ര പോലീസായ എഫ്.ബി.ഐയുടെ ലക്ഷ്യമായിരുന്നു.

1960-കളിൽ പ്രസിദ്ധീകരിച്ച ‘ബർമിങ്ഹാം ജയിലിൽ നിന്നുള്ള കത്തുകൾ’ നീഗ്രോ വിപ്ലവത്തിന്റെ മാനിഫെസ്‌റ്റോ ആണ്. 1964-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

മെംഫിസിൽ ഒരു ഹോട്ടലിന്റെ ബാൽക്കണിയിൽ നിൽക്കവെ ജയിംസ് ഏൾറെ എന്ന വംശവിദ്വേഷിയായ വെള്ളക്കാരനാണ് വെടിവച്ചു കൊന്നത്. ഇന്ന് അമേരിക്കയിൽ എല്ലാ നഗരങ്ങളിലും മാർട്ടിൻ ലൂതർ കിങിന്റെ പേരിൽ റോഡുണ്ട്. 1983-ൽ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയാവധിദിനമായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *