✍️ സുരേഷ്. സി.ആർ
രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കാൻ ലോകമൊട്ടാകെ വ്യാപകമായി ഉപയോഗിക്കുന്ന ജീവൻരക്ഷാ ഔഷധങ്ങളായ ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ്. മനുഷ്യജീവൻ രക്ഷിക്കുന്ന പെൻസിലിൻ-ന്റെ പിതാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
1881 ഓഗസ്റ്റ് 6-ന് സ്കോട്ട്ലന്റിലെ ലോക്‌ഫീൽഡിൽ ജനനം.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഒരു കപ്പൽ കമ്പനിയിൽ ക്ലാർക്കായി ലണ്ടനിലെത്തി. 1902-ൽ ഡോക്ടറായ സഹോദരന്റെ സഹായത്തോടെ ജോലിയുപേക്ഷിച്ചു സെന്റ് മേരീസ് ഹോസ്പിറ്റലിൽ മെഡിസിൻ പഠനത്തിനു ചേർന്നു. 1908-ൽ അവിടെ നിന്നും ബിരുദമെടുത്തു.1928-ൽ അവിടെ പ്രൊഫസറായി.
1928 ലണ്ടിനിലെ സെന്റ് മേരീസ് ആശുപത്രിയിൽ ഫ്ലമിങ് രോഗാണുപരീക്ഷണങ്ങൾക്കായി താൻ സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ വളർത്തിയിരുന്ന ഗ്ലാസ് കൾച്ചർ പ്ലേറ്റ് പരീക്ഷണശാലയിൽ വെച്ചിട്ട് രണ്ടാഴ്ച നീളുന്ന അവധിക്കാലം ആഘോഷിക്കാൻ പോയി. തിരിച്ചെത്തിയ അദ്ദേഹം കണ്ടത് ആ പ്ലേറ്റിൽ മഞ്ഞകലർന്ന പച്ച നിറമുള്ള പൂപ്പൽ വ്യാപിച്ചിരിക്കുന്നതാണ്. ആ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മൈക്കോളജി ലാബിൽ നിന്നും എങ്ങനെയോ കടന്നുവന്ന പെനിസിലിയം നൊട്ടാറ്റം എന്ന അപൂർവജാതി സ്പോർ ആയിരുന്നു ആ പൂപ്പലെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടായിരുന്നു.
അദ്ദേഹം പൂപ്പൽ പിടിച്ച് മലിനമായ ബാക്ടീരിയ കൾച്ചർ എടുത്തുകളയുന്നതിനു പകരം അത് സൂക്ഷ്മമായി പരിശോധിച്ചു. പൂപ്പലിന് ചുറ്റുമുള്ള ബാക്ടീരിയ നശിച്ചുപോയതായി അദ്ദേഹം കണ്ടു. താൻ ഒരു മഹത്തായ കണ്ടെത്തലിന്റെ പടിവാതിൽക്കൽ നിൽക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. പക്ഷേ, ഒരു ദശകത്തോളം ആരും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ല. ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ ജീവരക്ഷാ ഔഷധമായ പെനിസിലിൻ വേർതിരിക്കപ്പെട്ടത് ആ പൂപ്പലിൽ നിന്നായിരുന്നു. 1929-ൽ ‘ബ്രിട്ടീഷ് ജേണൽ ഓഫ് എക്സ്പരിമെന്റൽ പത്തോളജി’യിൽ തന്റെ കണ്ടുപിടിത്തം പ്രബന്ധമായി ഫ്ലമിങ് പ്രസിദ്ധീകരിച്ചു.
1932-ൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാവശ്യമായ അളവിൽ പെനിസിലിൻ സ്വരൂപിക്കാൻ കഴിയാതെ ഫ്ലമിങ് തന്റെ ഉപേക്ഷിച്ച സമയത്താണ് ഓസ്ടേലിയയിൽ ജനിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ പ്രവർത്തിക്കുകയായിരുന്ന പത്തോളജിസ്റ്റ് ഹൊവാർഡ് ഫ്ലോറിയും (1898- 1968) അദ്ദേഹത്തിന്റെ ഗവേഷണസംഘത്തിലെ ജൈവരസതന്ത്രജ്ഞനായ, നാസി ജർമനിയിൽ നിന്നു പലായനം ചെയ്ത് ബ്രിട്ടനിലെത്തിയ ഏൺസ്റ്റ് ബോറിസ് ചെയിനും രംഗപ്രവേശം ചെയുന്നത്. ഫ്ലമിങ് കണ്ടെത്തിയ പൂപ്പലിൽ അവർ സംയുക്തമായി ഗവേഷണം തുടങ്ങി. പിന്നീട് അവർ പെനിസിലിയം നൊട്ടാറ്റത്തിൽ നിന്നും ആവശ്യമായ അളവിൽ പെനിസിലിയം വേർതിരിച്ചെടുത്തു. ബാക്ടീരിയ കുത്തിവെച്ച എലികളിൽ പെനിസിലിൻ കുത്തിവച്ച് പരീക്ഷിച്ച് വിജയം കണ്ടതോടെ ‘ലാൻസെറ്റ്’ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെ തങ്ങളുടെ നേട്ടം ഇരുവരും പ്രഖ്യാപിച്ചു. ആദ്യത്തെ ആന്റിബയോട്ടിക്കായ പെനിസിലിന്റെ പിറവിയായിരുന്നു അത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധക്കെടുതിയിൽപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ പെൻസിലിന് സാധിച്ചു. ചികിത്സയില്ലെന്നു കരുതിയിരുന്ന മാരകരോഗങ്ങൾപോലും പെൻസിലിന്റെ മുന്നിൽ മുട്ടുകുത്തി. സിഫിലിസ്, ഗൊണോറിയ, ന്യൂമോണിയ, പ്രസവസമയത്തെ അണുബാധ തുടങ്ങിയവ നിയന്ത്രണവിധേയമായി. ഇതോടെ അലക്സാണ്ടർ ഫ്ലെമിങ് ഹീറോയായി. ഫ്ലെമിങിന്റെ പരീക്ഷണം പൂർത്തിയാക്കിയ ഫ്ലോറിയും ചെയിനും താരതമ്യേന അവഗണിക്കപ്പെട്ടു.
1922-ൽ, കണ്ണുനീർ, ചർമ്മം, മുടി, നഖം എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന ‘ലൈസോസൈം’ എന്ന ബാക്ടീരിയോലിറ്റിക് എൻസൈം ആദ്യമായി കണ്ടെത്തിയത് അലക്സാണ്ടർ ഫ്ലെമിങാണ്. ലബോറട്ടറിയിൽ ചില പരിശോധനകൾ നടത്തുമ്പോൾ യാദൃശ്ചികമായാണ് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിൽ ഒന്നായി മാറിയ ഈ എൻസൈം അദ്ദേഹം കണ്ടെത്തിയത്. ഇന്ന് ആരോഗ്യരംഗത്ത്, ജലദോഷത്തിനും തൊണ്ടയിലെ അണുബാധകൾക്കു ചികിത്സിക്കുന്നതിനും ഭക്ഷണം കേടുവരാതെ സൂക്ഷിക്കുന്നതിനും ലൈസോസൈമുകൾ ഉപയോഗിക്കുന്നു.
1944-ൽ സർ പദവി നൽകി ബ്രിട്ടൻ ആദരിച്ചു. 1945-ൽ പെൻസിലിന്റെ കണ്ടുപിടിത്തത്തിനും വേർതിരിച്ചെടുക്കലിനും അംഗീകാരമായി ഫ്ലോറി, ചെയിൻ എന്നിവർക്കൊപ്പം നോബൽ സമ്മാനം ലഭിച്ചു.
മനുഷ്യരാശിയുടെ ജീവൻ ഇന്നും രക്ഷിച്ചുകൊണ്ടിരിക്കുന്ന കണ്ടെത്തലുകൾ നടത്തിയ ആ മഹാശാസ്ത്രജ്ഞൻ്റെ ജീവിതം 1955 മാർച്ച് 11-ന് ഹൃദയാഘാതമൂലം അവസാനിച്ചു.
1875-ൽ, പെനിസിലിയത്തിന്റെ ബാക്ടീരിയാവിരുദ്ധഘടകങ്ങളെപ്പറ്റി ജോൺ ടിൻഡലും (1820-1893) 1925-ൽ ഡി.എ.ഗ്രാഷ്യയും സൂചിപ്പിച്ചിരുന്നു. എന്നാൽ അവർ അതിന്റെ പ്രാധാന്യം അറിയുകയോ മുന്നോട്ടു പോവുകയോ ചെയ്തില്ല.
1941 ഫെബ്രുവരി മാസം ആദ്യവാരം ഇംഗ്ലണ്ടിൽ ഓക്ഫെഡിലെ ആശുപത്രിയിൽ 43 കാരനായ ഒരു പൊലീസുകാരന്റെ മുറിവിലൂടെ സ്ട്രെപ്ടോകോക്കസ് എന്നീ സൂക്ഷ്മജീവികൾ കടന്നുകൂടി മരണത്തോട് മല്ലടിക്കുന്നു. ഇതേസമയത്താണ് അടുത്തുള്ള ഓക്സ്ഫോർഡ് സർവകലാശാലാ ലബോറട്ടറിയിൽ അലക്സാണ്ടർ ഫ്ലെമിങ്ങും സുഹൃത്തുക്കളായ ഹോവാർഡ് ഫ്ലോറി, ഏണസ്റ്റ് ചെയിൻ എന്നിവർ പെൻസിലിൻ കണ്ടുപിടിച്ചതും അതിന്റെ അത്ഭുതകരമായ കഴിവുകൾ കണ്ടെത്തിയതും.
1941 ഫെബ്രുവരി 12 ന് അന്നു ലഭ്യമായിരുന്ന പെൻസിലിന്റെ ഒരു വലിയ അളവ് അയാളിൽ കുത്തിവച്ചു. അതോടെ പൊലീസുകാരന്റെ സ്ഥിതി മാറി. അങ്ങനെ ആദ്യമായി മനുഷ്യൻ സൂക്ഷ്മജീവികളെ കീഴടക്കി.’
‘ഒരാൾ ചിലപ്പോൾ അന്വേഷിക്കാത്തത് കണ്ടെത്തുന്നു.” ഫ്ലെമിങിൻ്റെ പ്രശസ്‌ത വാക്യമാണ്.

