മലപ്പുറം: വേങ്ങരയില്‍ അതിഥി തൊഴിലാളിയെ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ ആണ് കൊല്ലപ്പെട്ടത്. 48 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദറിനൊപ്പം താമസിക്കുന്ന നാട്ടുകാരന്‍ കൂടിയായ പദം ഗദാബ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് വേങ്ങര എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബേങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കടുത്ത ചൂടായതിനാല്‍ ഇന്ദര്‍ ഈ കെട്ടിടത്തിന് മുകളിലാണ് ദിവസങ്ങളായി രാത്രി കിടന്നുറങ്ങിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പോലീസ് പറയുന്നു. തര്‍ക്കത്തെ തുടര്‍ന്ന് പ്രതി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നുവെന്നാണ് നിഗമനം. വിരളടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വേങ്ങര പോലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു.

