വാഷിംഗ്‌ടൺ: ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തിയ 40 നാൾ നീണ്ട യുദ്ധം പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിലെത്തിയെങ്കിലും പശ്ചിമേഷ്യയിൽ ആശങ്കയൊഴിയുന്നില്ല. വെടിനിർത്തൽ നിലനിൽക്കെത്തന്നെ ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടത് സ്ഥിതിഗതികൾ വഷളാക്കി. ഇതിന് മറുപടിയായി ഇറാൻ അയൽരാജ്യങ്ങളിലേക്ക് മിസൈൽ അയക്കുകയും, ലെബനനിലെ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. താൽക്കാലിക ശാന്തിയുണ്ടായെന്ന പൊതുധാരണ നിലനിൽക്കെയാണ്, അമേരിക്ക സൈന്യം ഇറാന് സമീപം തുടരുമെന്നും അടുത്ത അധിനിവേശത്തിന് തയ്യാറെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഡോണൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ലോകത്തെ വീണ്ടും മുൾമുനയിലാക്കിയത്.
ഇറാന് ചുറ്റുമുള്ള അമേരിക്ക സൈനിക വിന്യാസം തുടരുമെന്നും അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ഇറാൻ തങ്ങളുടെ ആണവായുധ പരിപാടി പൂർണ്ണമായും അവസാനിപ്പിക്കുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുകയും വേണമെന്നതാണ് അമേരിക്കയുടെ പ്രധാന നിബന്ധന. യഥാർത്ഥ കരാർ നടപ്പിലാക്കുന്നത് വരെ അമേരിക്ക നാവിക-വ്യോമസേനകൾ മേഖലയിൽ തുടരുമെന്നും, നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ആ നിമിഷം തന്നെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ നിലവിലെ ദുർബലമായ വെടിനിർത്തൽ കരാർ ഏത് നിമിഷവും തകർന്നേക്കാമെന്ന ഭീതിയിലാണ് രാജ്യാന്തര സമൂഹം.
നയതന്ത്ര ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോഴും ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ഐആർജിസി പ്രസിദ്ധീകരിച്ച ചാർട്ടിൽ, കപ്പലുകൾ സഞ്ചരിക്കേണ്ട പാതയിൽ മാറ്റം വരുത്താൻ നിർദ്ദേശിക്കുന്നത് സമുദ്ര സുരക്ഷയെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങളും അമേരിക്കയുടെ കടുത്ത ഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ കരാറിൽ വിശ്വസിക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിൽ ആഗോള എണ്ണവിപണിയെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

