ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയുടെ 25ാമത് മുഖ്യമന്ത്രിയാണ് ഡി കെ ശിവകുമാര്‍.
ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര എത്തിച്ചേര്‍ന്നിരുന്നു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.
കേരള മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയിരുന്നു.
മുതിര്‍ന്ന നേതാവ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്ത്രരമന്ത്രിയായിരുന്നു ജി പരമേശ്വര. സിദ്ധരാമയ്യയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ജി പരമേശ്വര ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വന്നത്. സി എച്ച് മുനിയപ്പ അടക്കം പതിനാല് അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. യു ടി ഖാദര്‍ അടക്കം രണ്ട് മലയാളികളും മന്ത്രിസഭയില്‍ ഇടം നേടി.

