കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയും അന്നുതന്നെ പരിഗണിക്കും. ഇന്ന് ഉച്ചയ്ക്കുശേഷമാണ് പ്രോസിക്യൂഷന്‍ രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ നല്‍കിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയേ ഉണ്ടാകൂ. നാളെയും മറ്റന്നാളും കോടതി അവധിയാണ്.
കേസില്‍ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന കാരവാന്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് ഇപ്പോള്‍ നടത്തിയത്. അതേസമയം, തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പ്രതികരിച്ചു. കള്ളപ്പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ശാരീരിക ബലം പ്രയോഗിക്കാനുള്ള കരുത്ത് തനിക്കില്ല. ആരോഗ്യസ്ഥിതി മോശമാണ്. തനിക്ക് നിരവധി ശത്രുക്കളുണ്ടെന്നും യുവനടി ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയിട്ടില്ലെന്നും രഞ്ജിത്ത് ആരോപിക്കുന്നു.
യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഇടുക്കി എസ് പി നല്‍കിയ നിര്‍ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു. ചിത്രീകരണ ലൊക്കേഷനില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഡി ജി പിക്കും മുന്‍ എസ് ഐ ടി ക്കുമാണ് നടി പരാതി നല്‍കിയത്. നടിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

