Sun. Apr 12th, 2026

ദുബൈ: തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെയും നിലവിലെ തമിഴ് രാഷ്ട്രീയ സാഹചര്യങ്ങളെയും പരിഹസിക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം ‘ടിഎൻ 2026’ (തങ്കനച്ചത്തിരം 2026) വിവാദങ്ങളിൽ മറുപടിയുമായി അണിയറപ്രവർത്തകർ. ദുബായിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ പ്രത്യേക പ്രദർശനത്തിന് പിന്നാലെയാണ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർമാതാക്കൾ നിലപാട് വ്യക്തമാക്കിയത്. നടൻ നട്ടി നായകനായി എത്തുന്ന ചിത്രം തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരങ്ങളായ രജനീകാന്തിനെയും വിജയിയെയും ലക്ഷ്യം വെച്ചുള്ളതാണെന്ന തരത്തിൽ നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിമാറിയിരുന്നു.

ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ മുതൽ തമിഴക വെട്രി കഴകം രൂപീകരിച്ച വിജയിയെയും രജനീകാന്തിന്റെ രാഷ്ട്രീയ നീക്കങ്ങളെയും സിനിമ പരിഹസിക്കുന്നു എന്ന ആരോപണം ആരാധകർ ഉയർത്തിയിരുന്നു. എന്നാൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല സിനിമയെന്നും തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും നിർമാതാക്കളായ കണ്ണൻ രവിയും ദീപക് രവിയും ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി മാത്രം കാണണമെന്നും അവർ അഭ്യർത്ഥിച്ചു.

കുൽകന്ത് കുമാർ എന്ന ഉത്തരേന്ത്യക്കാരൻ തമിഴ് സിനിമയിലെ സൂപ്പർതാരമായി മാറുന്നതും തുടർന്ന് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് സിനിമയിലെയും രാഷ്ട്രീയത്തിലെയും പുതിയ പ്രവണതകളെ ചിത്രം ശക്തമായി വിമർശിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ തിരക്കഥ ഒരു വർഷം മുൻപേ പൂർത്തിയായതാണെന്നും സമകാലിക സംഭവങ്ങളുമായുള്ള സാമ്യം യാദൃച്ഛികം മാത്രമാണെന്നും സംവിധായകൻ ഉമാപതി രാമയ്യയും തിരക്കഥാകൃത്ത് തമ്പി രാമയ്യയും നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ പോന്ന ഉള്ളടക്കമുള്ള ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തു. കണ്ണൻരവി ഗ്രൂപ്പിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിൽ തമ്പി രാമയ്യ, എം.എസ്. ഭാസ്കർ, ഇളവരശ്, ഷ്രിത റാവു, ചന്ദിനി തമിഴരശൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ദർബുക ശിവയാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *