✍️ സി.ആർ.സുരേഷ്
“ഭാരതമെന്നപേർ കേട്ടാലഭിമാന-
പൂരിതമാണകമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ”
മലയാളസാഹിത്യത്തിലെ നവോത്ഥാന നായകരിൽ അഗ്രഗണ്യനും കേരളീയ കലകളുടെ പുനരുദ്ധാരണത്തിനും കവിതയുടെ നവീകരണത്തിനും മുഖ്യ പങ്കുവഹിച്ച കവിയാണ് വള്ളത്തോൾ നാരായണമേനോൻ.
ആധുനികമലയാളത്തിലെ കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും അതോടൊപ്പം മലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവി കൂടിയാണ്.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ജനനം. അന്നത്തെ സമ്പ്രദായമനുസരിച്ച് വീട്ടിലിരുന്ന് വൈദ്യവും സംസ്കൃതവും പഠിച്ചു. വൈദ്യപഠനത്തിൽ സതീർത്ഥ്യനായിരുന്ന കുറ്റിപ്പുറത്ത് കേശവൻ നായർ, വള്ളത്തോൾ ഗോപാലമേനോൻ, കുറ്റുപ്പുറത്ത് കിട്ടുണ്ണിനായർ എന്നിവരുമായുള്ള സാഹിത്യ സൗഹൃദം പിൽക്കാലത്ത് “വള്ളത്തോൾ കമ്പനി” എന്ന പേരിലറിയപ്പെട്ട സാഹിത്യപരമായ കൂട്ടുകെട്ടിന് അടിസ്ഥാനമിട്ടു.
വ്യാസാവതരണം, മണിപ്രവാളം, കിരാതശതകം എന്നിവയാണ് ചെറുപ്പകാലത്ത് രചിച്ച കൃതികൾ. 1894-ൽ “ഭാഷാപോഷിണിസഭ” സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയതാണ് വള്ളത്തോളിന് കവി എന്നനിലയിൽ ലഭിച്ച ആദ്യ അംഗീകാരം. 1905 മുതൽ അഞ്ചുവർഷക്കാലം തൃശൂർ കേരള കൽപദ്രുമം പ്രസ്സിൽ സാഹിത്യവിഭാഗത്തിന്റെ പത്രാധിപരായി ജോലി നോക്കി. 1905-ൽ അദ്ദേഹം വാല്മീകി രാമായണത്തിന്റെ തർജ്ജമ തുടങ്ങി. രണ്ടുവർഷം കൊണ്ട് അത് പൂർത്തിയാക്കി. 1907-ൽ മാസിക രൂപത്തിലും 1909-ൽ പുസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. “വാല്മീകി രാമായണം” വള്ളത്തോളിനെ ഏറെ പ്രസിദ്ധനാക്കി. കേരളവാല്മീകി എന്ന് സഹൃദയ ലോകം വാഴ്ത്തി.
കഥകളിയുടെയും മറ്റ് പ്രാചീനകലാരൂപങ്ങളുടെയും പുനരുദ്ധാരണത്തിനും പുരോഗതിക്കുമായി ഒരു സ്ഥാപനം തുടങ്ങണമെന്ന് വള്ളത്തോൾ തീരുമാനിച്ചതാണ് “കേരളകലാമണ്ഡലത്തി”ന്റെ രൂപീകരണത്തിന് വഴിവച്ചത്. 1927-ൽ കോഴിക്കോട്ട് കലാമണ്ഡലം സ്ഥാപിതമായി. പിന്നീട് ചെറുതുരുത്തിയിലേക്ക് അത് മാറ്റി സ്ഥാപിക്കുകയായിരുന്നു. കലാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ് വള്ളത്തോളായിരുന്നു.
കേൾവി കൊതിച്ചും സ്വന്തം ബധിരതയെക്കുറിച്ച് ദേവിയോട് വിലപിക്കുന്ന രൂപത്തിൽ അദ്ദേഹം എഴുതിയ ഖണ്ഡകാവ്യമാണ് “ബധിരവിലാപം”. ഗാന്ധിയെ സ്വന്തം ഗുരുനാഥനായി ഹൃദയത്തിൽ പ്രതിഷ്ഠിച്ച ‘എന്റെ ഗുരുനാഥൻ’, മലയാളത്തിലെ ഏറ്റവും മികച്ച ഖണ്ഡകാവ്യങ്ങളിലൊന്നായ ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും ഒരു കത്ത്, സാഹിത്യ മഞ്ജരി – 8 ഭാഗങ്ങള്‍, ഋഗ്വേദതര്‍ജ്ജമ, ഭാസനാടക തര്‍ജ്ജമ, മാത്യവന്ദനം, ഒരു കീറത്തലയണ, ഒരരിപ്രാവ്, ഒരു ചിത്രം, പട്ടില്‍പ്പൊതിഞ്ഞ തീക്കൊളളി, ഉണ്ണാനില്ല, ഉടുപ്പാനില്ല, കര്മഭൂമിയുടെ പിഞ്ചുകാല്‍, പരീക്ഷയില്‍ ജയിച്ചു, ഭക്തിയും വിഭക്തിയും, ഒടുക്കത്തെ കുറിപ്പ്, തോണിയാത്ര, കാട്ടെലിയുടെ കത്ത്, മാപ്പ് എന്നിവ വള്ളത്തോളിന്റെ പ്രശസ്തമായ കൃതികളാണ്. ചിത്രയോഗം മഹാകാവ്യമാണ്.
1919-ൽ “കവിതിലകൻ” എന്ന ബഹുമതി നൽകി കൊച്ചി മഹാരാജാവ് ആദരിച്ചു. 1923-ൽ തിരുവിതാംകൂർ മഹാരാജാവ് “വീരശ്യംഖല”യും “കവിസർവ്വഭൗമ” സ്ഥാനവും നൽകി. 1946-ൽ മദിരാശി ഗവൺമെന്റ് വള്ളത്തോളിനെ ആസ്ഥാന കവിയായി തെരഞ്ഞെടുത്ത് അഞ്ചുവർഷക്കാലത്തേക്ക് ആയിരം രൂപ വീതം നൽകി. 1955-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായിരുന്നു. 1954-ൽ കേന്ദ്രസാഹിത്യ അക്കാദമിയിൽ അംഗമായി. വെയിൽസ് രാജകുമാരൻ, കുമാരനാശാനോടൊപ്പം നൽകാനിരുന്ന പട്ടും വളയും ബ്രിട്ടീഷ് ഗവൺമെന്റിനോടുള്ള പ്രതിഷേധം കൊണ്ടു നിരസിച്ചു 1966-ൽ മരണാനന്തര ബഹുമതിയായി സോവിയറ്റ് ലാന്റിന്റെ നെഹ്റു സമാധാന സമ്മാനം ലഭിച്ചു.

