Mon. Apr 13th, 2026

✍️ സുരേഷ്. സി ആർ

”ഭാര്യയോട് രാജന്റെ വിവരം പറയാൻ ധൈര്യമുണ്ടായില്ല. അന്വേഷണങ്ങൾ അവസാനിക്കുന്നില്ല എന്നെനിക്ക് മനസ്സിലായി. മകനെ തേടിയുള്ള ഒരച്ഛന്റെ യാത്ര, അച്ഛനെ തേടിയുള്ള മകന്റെ യാത്രയെക്കാൾ വിഷാദഭരിതവും ക്ലേശകരവുമാണെന്ന് എനിക്ക് ഉറപ്പായിരുന്നു”– പ്രൊഫ. ഈച്ചരവാരിയർ

പും എന്ന് പേരായ നരകത്തിൽനിന്നും നിന്നും പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രൻ, പക്ഷേ ഈച്ചരവാര്യർ എന്ന ഈ പിതാവിന്റെ നിയോഗം മറ്റൊന്നായിരുന്നു. ഈ ലോകം വിധിച്ച നരകത്തിൽ നിന്നും തന്റെ പുത്രനെ രക്ഷിക്കുക. പക്ഷേ കാലം ഈ പിതാവിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അതുകൊണ്ട് തന്നെ നാം അടിയന്തരാവസ്ഥ എന്നു കേൾക്കുമ്പോൾ നിസഹായനായ ഈ അച്ഛനെ ഓർക്കും. മുഖവുര ആവശ്യമില്ല അടിയന്തരാവസ്ഥയ്ക്കിടെ ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട രാജൻ വാര്യരുടെ ഈച്ചര വാര്യർ എന്ന അച്ചന്. ഈ അച്ഛന്റെ പോരാട്ടം മകനെ വീണ്ടെടുക്കാനായിരുന്നില്ല. തന്റെ മകന് എന്ത് സംഭവിച്ചു എന്നറിയാനായിരുന്നു.

രാജന്റെ അച്ഛൻ മാത്രമായിരുന്നില്ല ഈച്ചരവാര്യർ അദ്ധ്യാപകനും പൗരാവകാശപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. അതുകൊണ്ടുതന്നെ മകനുവേണ്ടിയുള്ള അച്ഛന്റെ യുദ്ധം രാഷ്ട്രീയ കേരളത്തിൽ ചില ചരിത്രങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് അവസാനിച്ചത്.Politics

ഒരായുസ് മുഴുവൻ നിയമ യുദ്ധം നടത്തിയെങ്കിലും ഈ മകൻ എങ്ങനെ മരിച്ചുവെന്നു കണ്ടുപിടിക്കാൻ അച്ഛനായില്ല. രാജന്റെ ശരീരം എന്തു ചെയ്തെന്നു ഇന്നും അജ്ഞാതം. അതു പോലും അറിയാൻ കഴിയാതെയാണ് ഈച്ചരവാര്യൻ പോരാട്ടം അവസാനിപ്പിച്ചത്. എന്റെ മകനെ നിങ്ങൾ എന്തു ചെയ്തുവെന്ന ഈ അച്ഛന്റെ ചോദ്യത്തിന് അന്നും ഇന്നും ഉത്തരം നൽകാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്കായില്ല… ഈ അച്ഛന്റെ ഓർമ്മയ്ക്ക് മുന്നിൽ പോലും നാം കുറ്റബോധത്തോടെ തലകുനിക്കണം.

അടിയന്തരാവസ്ഥക്കാലത്ത്‌ പോലീസ്‌ മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും ശ്രദ്ധേയനായ അദ്ധ്യാപകനും പൗരാവകാശപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ഈച്ചരവാരിയർ. കൊച്ചി രാജ്യപ്രജാമണ്‌ഡലത്തിന്റെ പ്രവർത്തകനും പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സഹയാത്രികനുമായിരുന്നു.

ആദ്യമായി ഹേബിയസ് കോർപ്പസ് റിട്ട് കോടതിയിൽ സമർപ്പിച്ച വ്യക്തിയാണ് ഈച്ചരവാര്യർ. ഇതേ തുടർന്ന് അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനു രാജിവെക്കേണ്ടി വന്നു. പൗരാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സമാനതകളില്ലാത്ത ഏടുകൾ സമ്മാനിച്ചതാണ് ഈച്ചരവാര്യരുടെ പോരാട്ടം. മകന്റെ മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം എഴുതിയ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

”എന്റെ വഴി അവസാനിക്കുകയാണ്. കർക്കിടകത്തിൽ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോർച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിർമാല്യം പോലെ ചേർത്തു പിടിക്കുന്നു.

രാജൻ നന്നായി പാടുമായിരുന്നു. അവൻ അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോൾ എന്റെ പെൺകുട്ടികൾ പിണങ്ങി. രാജൻ അവർക്കുവേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവൻ പാടിയില്ല. അവന്റെ പാട്ടു കേൾക്കാൻ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോർഡു ചെയ്യപ്പെട്ട തന്റെ പാട്ടുകൾ മരണം വരെ അച്ഛൻ കേട്ടിരിക്കണമെന്ന് അവൻ നിശ്ചയിച്ചു കാണണം.

ഞാൻ അവസാനിപ്പിക്കുകയാണ്. ഈ കർക്കിടകത്തിൽ മഴ തകർത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളിൽ പെയ്തു വീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്നതുപോലെ ആത്മാവിന് പൂർവജന്മബന്ധങ്ങളില്ല എന്നെഴുതുന്നത് ശരിയാവില്ല.

മഴ പൊഴിക്കുന്ന ഈ രാത്രിയിൽ ഞാൻ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു. മൂളുന്ന ടേപ്റെക്കോർഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാൻ തൊട്ടെടുക്കാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാൻ കേൾക്കാതെ പോയ പാട്ടുകൾകൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നിൽക്കുന്നു.

പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്? ഞാൻ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകൾ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ’… (ഒരച്ഛന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *