ഐപിഎൽ 2026-ലെ ഏറ്റവും വലിയ വിസ്മയമായി മാറിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ 15-കാരനായ താരം വൈഭവ് സൂര്യവൻഷി. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ, ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളറായ ജസ്പ്രീത് ബുംറയെ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് ഈ ബാലതാരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മഴ നിയമപ്രകാരം ഓവറുകൾ വെട്ടിക്കുറച്ച മത്സരത്തിൽ വെറും 14 പന്തിൽ നിന്ന് 39 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഒരേ ഓവറിൽ തന്നെ രണ്ടുതവണ ബുംറയെ സിക്സറിന് പറത്തിയ വൈഭവിന്റെ ആത്മവിശ്വാസം കായിക പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
വൈഭവിന്റെ പ്രകടനത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഇതിഹാസം ഗ്രെയിം സ്മിത്ത് രംഗത്തെത്തി. വൈഭവിനെ ‘യഥാർത്ഥ സൂപ്പർതാരം’ എന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്. ആദ്യ പന്ത് മുതൽ പവർ ഹിറ്റിംഗ് നടത്താനുള്ള വൈഭവിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണെന്നും ടൂർണമെന്റ് കഴിയുമ്പോഴേക്ക് അവൻ ലോക ക്രിക്കറ്റിലെ വലിയൊരു ശക്തിയായി മാറുമെന്നും സ്മിത്ത് തന്റെ ബ്ലോഗിൽ കുറിച്ചു. രോഹിത് ശർമ്മയെയും വിരാട് കോലിയെയും പോലുള്ള സീനിയർ താരങ്ങൾക്കിടയിൽ ഈ സീസണിൽ ഏറ്റവും ശ്രദ്ധിക്കേണ്ട പേര് വൈഭവിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ ഉൾപ്പെടെയുള്ള പ്രമുഖരും വൈഭവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലോകോത്തര ബൗളറെ നേരിടുമ്പോൾ ഒരു 15-കാരൻ കാണിച്ച പക്വതയും ധൈര്യവും അവിശ്വസനീയമാണെന്ന് കുംബ്ലെ നിരീക്ഷിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ 27 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് നിരയിലെ ഏറ്റവും കരുത്തനായ സാന്നിധ്യമായി വൈഭവ് ഇതിനകം മാറിക്കഴിഞ്ഞു. വരും മത്സരങ്ങളിലും ഈ കൗമാര താരത്തിന്റെ പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

