Tue. Apr 7th, 2026

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കടുത്ത സംഘർഷങ്ങൾക്കിടയിലും നിർണ്ണായകമായ ചരക്കുമായി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏകദേശം 92,700 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ഈ കപ്പലുകൾ മാർച്ച് 16, 17 തീയതികളിലായി ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേരുമെന്ന് ഷിപ്പിങ് മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന 24 ഇന്ത്യൻ കപ്പലുകളിൽ രണ്ടെണ്ണമാണ് വെള്ളിയാഴ്ച രാത്രിയോടെ അപകടമൊന്നും കൂടാതെ കടലിടുക്ക് പിന്നിട്ടത്. ‘ശിവാലിക്’, ‘നന്ദാ ദേവി’ എന്നീ കപ്പലുകളാണ് ഇവ. ഇതിൽ ശിവാലിക് ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്കും നന്ദാ ദേവി കാണ്ഡ്‌ലയിലേക്കുമാണ് എത്തുക. നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയുള്ള 22 കപ്പലുകൾ കൂടി അവശേഷിക്കുന്നുണ്ടെന്നും അവയിലെ 611 നാവികരും പൂർണ്ണ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ഇന്ത്യയിലെ പാചകവാതക വിതരണത്തെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ എൽപിജി ടാങ്കറുകളുടെ സുരക്ഷിതമായ മടക്കം ഇന്ത്യൻ നയതന്ത്രരംഗത്തെ വലിയൊരു വിജയമായാണ് കണക്കാക്കപ്പെടുന്നത്. മേഖലയിൽ അവശേഷിക്കുന്ന കപ്പലുകളിൽ ആറെണ്ണം എൽപിജി ടാങ്കറുകളും നാലെണ്ണം ക്രൂഡ് ഓയിൽ ടാങ്കറുകളുമാണ്. കൂടാതെ എൽഎൻജി, കെമിക്കൽ, കണ്ടെയ്‌നർ കപ്പലുകളും സുരക്ഷിത യാത്രയ്ക്കായി കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ നാവികരെയോ കപ്പലുകളെയോ ബാധിക്കുന്ന അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *