Tue. Apr 7th, 2026

ഷറഫുദീനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ‘മധുവിധു’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. “മെല്ലവേ മെല്ലവേ” എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിനീത് ശ്രീനിവാസനും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലപിച്ച ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം 2026 മെയ് 1-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ബിഗ് സ്ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അഞ്ച് പുരുഷന്മാർ മാത്രമുള്ള, സ്ത്രീകളില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ആദ്യാവസാനം ചിരി പടർത്തുന്ന ഒരു ഫാമിലി ഫൺ മൂവിയായിരിക്കും ‘മധുവിധു’ എന്ന സൂചന നൽകിയിരുന്നു. കോമഡിക്കൊപ്പം തന്നെ മനോഹരമായ പ്രണയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടെന്ന് പുതിയ ഗാനം സാക്ഷ്യപ്പെടുത്തുന്നു.

അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാമത് പ്രൊജക്റ്റായി എത്തുന്ന ഈ ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. ‘ഷൈലോക്കി’ന് ശേഷം ബിബിൻ മോഹനും, ‘മധുര മനോഹര മോഹം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ഷറഫുദീന്റെ തനത് കോമഡി ശൈലിയും കല്യാണിയുടെ നായികയായുള്ള അരങ്ങേറ്റവും കാണാൻ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *