Tue. Apr 7th, 2026

✍️ സുരേഷ്. സി ആർ

മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അർജുനൻ (1936 – 2020). യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്തതും ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയതതും അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു. നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ടാണ് സംഗീത ലോകത്തെത്തിയത്.

ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് ജനനം. ചെറുപ്പത്തിലെ അച്ഛൻ മരിച്ചു. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹോദരനൊപ്പം പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രാമത്തിലെത്തിച്ചു. ആശ്രമത്തിലെ മറ്റു കുട്ടികൾക്കൊപ്പം ഭജൻ പാടാൻ കൂടിയ അദ്ദേഹത്തിന്റെ സംഗീത വാസന തിരിച്ചറിഞ്ഞ ആശ്രമ തലവൽ നാരായണൻ സ്വാമിയാണ് കുമരയ്യാ പിള്ള എന്ന സംഗീത അധ്യാപകന്റെ കീഴിൽ സംഗീതം പഠിക്കാൻ അവസരമൊരുക്കി കൊടുത്തത്.

1958-ൽ കൊച്ചിയിലെ അമേച്വർ നാടകസമിതി അവതരിപ്പിച്ച ‘പള്ളിക്കുറ്റം’ എന്ന നാടകത്തിന് ആദ്യമായി ഈണമിട്ടു. പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒട്ടുമിക്ക അമേച്വർ ട്രൂപ്പുകൾക്കും സംഗീതമൊരുക്കി. കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഒരു ഹാർമോണിസ്റ്റിനെ തേടുകയായിരുന്ന ദേവരാജന് നടൻ മണവാളൻ ജോസഫ് പരിചയപ്പെടുത്തിക്കൊടുത്തത് വഴിത്തിരിവായി. ആ പരിചയം പിന്നീട് കെ.പി.എ.സി.യിൽ എത്തിച്ചു. ആദ്യം ഹാർമോണിസ്റ്റായി, പിന്നീട് കെ.പി.എ.സി.യുടെ ഒട്ടേറെ നാടകങ്ങളിലെ പാട്ടുകൾക്ക് ഈണമിട്ടു.

വൈക്കം മാളവിക, ആലപ്പി തിയ്യറ്റേഴ്‌സ്, തിരുവനന്തപുരം സൗപർണിക, സൂര്യസോമ, ചങ്ങനാശ്ശേരി ഗീഥാ, മാനിഷാദ, സാംസ്കാരിക തുടങ്ങി കേരളത്തിലെ പ്രമുഖ നാടകസമിതികളുടെ നാടകങ്ങളിലെ പാട്ടുകൾക്കെല്ലാം സംഗീതം പകർന്നു. വയലാർ, ഒ.എൻ.വി, യൂസഫലി കേച്ചേരി, ഏഴാച്ചേരി രാമചന്ദ്രൻ, എ.പി.ഗോപാലൻ, ഷാഹുൽ ഹമീദ്, ഏറ്റുമാനൂർ സോമദാസൻ, നെൽസൺ ഫെർണാണ്ടസ്, പി.ജെ.ആന്റണി, സി.പി.ആന്റണി തുടങ്ങി മലയാള നാടകലോകത്തിനുവേണ്ടി പാട്ടെഴുതിയ ഒട്ടുമിക്കവരുടെയും വരികൾക്ക് ഈണമിട്ടു.

1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കി സിനിമയിൽ സജീവമായി. ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾ ശ്രദ്ധേയങ്ങളായി. ഇരുന്നൂറിലേറെ സിനിമകളലായി ആയിരത്തിലേറെ ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്.

മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങിയവ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്.

2017-ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം ലഭിച്ചു. സംഗീതനാടക അക്കാദമിയുടെ 16 അവാർഡുകളും ഒരു ഫെലോഷിപ്പും നേടി.

Leave a Reply

Your email address will not be published. Required fields are marked *