Wed. Apr 1st, 2026

✍️ സി.ആർ.സുരേഷ്

മണ്ണിനോടും മനുഷ്യരോടും ബന്ധമുള്ള വാസസ്ഥലങ്ങളും വാസ്തുശില്പാലയങ്ങളും പണിതൊരുക്കി ചെലവു കുറഞ്ഞ വീടുകൾ എന്ന ചിന്താഗതി സാർവ്വത്രികമാക്കിയ വാസ്തുശില്പിയാണ് ലാറിബേക്കർ (1917 – 2007).

ഡാഡി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ലാറിബേക്കർ ‘ആർക്കിടെക്ചർ മേഖലയിലെ ഗാന്ധി’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. “ബേക്കർ മോഡൽ’ എന്ന പേരിൽ അദ്ദേഹത്തിന്‍റെ വാസ്തു തത്വശാസ്ത്രങ്ങളും ഗൃഹനിര്‍മ്മാണ മാതൃകകളും പ്രചുര പ്രചാരം നേടി.

കേരളത്തിലെയും ഇന്ത്യയിലെയും “കോൺക്രീറ്റ് കാടു’കളുടെ വളർച്ച മുരടിപ്പിച്ചത് ലാറിബേക്കറുടെ എഴുത്തും പ്രായോഗികപ്രവർത്തനങ്ങളുമായിരുന്നു. വീടുകൾ, കെട്ടിടസമുച്ചയങ്ങൾ, ദേവാലയങ്ങൾ, ആശുപത്രികൾ, ബഹുനില മന്ദിരങ്ങൾ എല്ലാം അദ്ദേഹം പ്രകൃതിക്ക് ഇണങ്ങുന്ന മട്ടിൽ പണിതൊരുക്കി. അതതുപ്രദേശങ്ങളിൽ ലഭ്യമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് വീട് ഉണ്ടാക്കുകയായിരുന്നു ലാറി ബേക്കറുടെ രീതി.

1917 മാർച്ച് 2-ന് ഇംഗ്ലണ്ടിലെ ബർമ്മിംഗ്ഹാമിലെ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ഗ്രാമർ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ ചേർന്നു. പിന്നീട് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിൽ അംഗമായി.

1970 മുതൽ കേരളത്തിൽ തിരുവനന്തപുരത്തിനടുത്ത്‌ നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. 1968 മുതൽ തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ ക്ഷണപ്രകാരം പാവപ്പെട്ടവർക്കു വേണ്ടി 3000 രൂപയിൽ താഴെ ചെലവു വരുന്ന വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. പിന്നീട് ഉള്ളൂരിലെ സി.ഡി.എസ്, നളന്ദയിലെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ആക്കുളത്തെ ചിത്രലേഖാ ഫിലിം സൊസൈറ്റി, തലസ്ഥാനത്ത് ഇന്നും കാഴ്ചക്കാരെ ആകർഷിക്കുന്ന ഇന്ത്യൻ കോഫീ ഹൗസ്, ആർച്ബിഷപ്പ്സ് ഹൗസ്, പൂന്തുറയിലെ മത്സ്യഗ്രാമം, തുടങ്ങി നിരവധി നിർമിതകളുടെ ശില്പി ബേക്കറായിരുന്നു. മുഖ്യമന്ത്രിയായിരിയ്ക്കെ അച്യുതമേനോന്‍ ചെലവു കുറഞ്ഞ വീടുണ്ടാക്കാനുള്ള പദ്ധതിയായ കോസ്റ്റ്ഫോഡ് രൂപീകരിച്ച് ബേക്കറെ അതിന്‍റെ ചുമതലക്കാരനാക്കി.

ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് പുരസ്കാരം, ഗ്രാന്റ് മാസ്റ്റേഴ്സ് അവാർഡ്, ഇന്ത്യൻ നാഷനൽ ഹെറിറ്റേജ് അവാർഡ്, ഹോളണ്ടിലെ റോയൽ സർവകലാശാലയുടെ ഡിലിറ്റ് ബിരുദം, വാസ്തുവിദ്യാ മേഖലയിലെ കിടയറ്റ പുരസ്കാരമായ പ്രിറ്റ്സർ പ്രൈസ്, പത്മശ്രീ, ഇന്റർനാഷണൽ യൂണിയൻ ഓഫ് ആർക്കിടെക്റ്റ് അവാർഡ് എന്നിവ ലഭിച്ചു.

കേരളത്തെ തന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമാക്കിയിരുന്ന ബേക്കർ 2007 ഏപ്രിൽ 1-ന് തിരുവനന്തപുരത്തു വച്ചാണ് അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *