പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നിയമനം സംബന്ധിച്ച് ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർ മാധ്യമങ്ങളോടു പറഞ്ഞു.
ഖമനയിയുടെ രണ്ടാമത്തെ മകനായ മുജ്തബ (56) ഈ സ്ഥാനത്തേക്കുള്ള പ്രധാന സ്ഥാനാർഥിയാണെന്ന് നേരത്തേ ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്ലാമിക് റവല്യൂഷനറി ഗാർഡിന്റെ കടുത്ത സമ്മർദത്തെത്തുടർന്നാണ് വിദഗ്ധ സമിതി മുജ്തബയെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിതാവിന്റെ ഓഫിസിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന അദ്ദേഹം, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.

