Wed. Jun 17th, 2026

ന്യൂഡൽഹി: നീറ്റ് യു ജി പുനഃപരീക്ഷക്ക് മുന്നോടിയായി രാജ്യത്ത് താൽക്കാലികമായി ടെലിഗ്രാം ആപ്പ് നിയന്ത്രിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഉത്തരവിട്ടു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശയെത്തുടർന്നാണ് മെയ്റ്റി ജൂൺ 22 വരെ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം മറ്റൊരു ജനപ്രിയ ആപ്പായ വാട്സ്ആപ്പിനെ ഈ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പറുകൾ, ഉത്തരങ്ങൾ, പരീക്ഷാ ചോർച്ചാ അവകാശവാദങ്ങൾ, മറ്റ് തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന മാർഗ്ഗമായി ടെലിഗ്രാം മാറിയെന്നാണ് സർക്കാർ ഏജൻസികളുടെ കണ്ടെത്തൽ. പരീക്ഷാർഥികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് വ്യാജ ചോദ്യപേപ്പറുകൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് ആയിരങ്ങൾ മുതൽ ലക്ഷക്കണക്കിന് രൂപ വരെ തട്ടിയെടുക്കാൻ ഓർഗനൈസ്ഡ് ചീറ്റിംഗ് നെറ്റ്‌വർക്കുകൾ ടെലിഗ്രാം ചാനലുകളെ ഉപയോഗിച്ചതായി എൻ ടി എ ആരോപിക്കുന്നു. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാനുള്ള ഒരു മുൻകരുതൽ നടപടി മാത്രമാണിതെന്നും ഇത് പ്ലാറ്റ്‌ഫോമിന്മേലുള്ള സ്ഥിരം നിരോധനമല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ടെലിഗ്രാമിലെ മെസ്സേജ് എഡിറ്റിംഗ് ഫീച്ചർ അന്വേഷണ ഉദ്യോഗസ്ഥർ വലിയ ആശങ്കയോടെയാണ് കാണുന്നത്. യഥാർത്ഥ പരീക്ഷാ പേപ്പർ ലഭ്യമായ ശേഷം മുൻപ് അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് മാറ്റാനും പി ഡി എഫ് ഫയലുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കാനും ഈ ഫീച്ചർ തട്ടിപ്പുകാർക്ക് സൗകര്യമൊരുക്കുന്നു. ടെലിഗ്രാമിൽ സന്ദേശങ്ങൾ എഡിറ്റ് ചെയ്താൽ പോലും യഥാർത്ഥ ടൈംസ്റ്റാമ്പ് മാറില്ല എന്നതിനാൽ പരീക്ഷയ്ക്ക് മുൻപേ പേപ്പർ ചോർന്നുവെന്ന രീതിയിലുള്ള വ്യാജ സ്ക്രീൻഷോട്ടുകൾ നിർമ്മിക്കാൻ ഇത് കാരണമാകുന്നു. ഇതിനാൽ ജൂൺ 30 വരെ ഇന്ത്യയിൽ മെസ്സേജ് എഡിറ്റിംഗ് ഫീച്ചർ നിർജ്ജീവമാക്കാൻ ടെലിഗ്രാമിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *