Fri. Jun 12th, 2026

ന്യൂഡൽഹി: നീതി ആയോഗിന്റെ പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നപ്പോൾ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉന്നയിച്ച വിഷയങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നീറ്റ് പരീക്ഷയ്‌ക്കെതിരായ തന്റെ ശക്തമായ വിയോജിപ്പ് വീണ്ടും ആവർത്തിച്ച വിജയ്, പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം മെഡിക്കൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമീണ, സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം പേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങൾ ചൂണ്ടിക്കാട്ടി പരീക്ഷയ്‌ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തിയിരുന്നു.

തമിഴ്‌നാടിന്റെ വികസനം ലക്ഷ്യമിട്ട് കോയമ്പത്തൂരിൽ എയിംസ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാക് ഉൾക്കടലിലെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും, ജയിലിലടച്ചവരെ മോചിപ്പിക്കാൻ അടിയന്തര നയതന്ത്ര നീക്കങ്ങൾ നടത്താനും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ചെങ്കൽപേട്ട് മുതൽ ട്രിച്ചി വരെയുള്ള എൻഎച്ച്-32, ട്രിച്ചി-കരൂർ-കോയമ്പത്തൂർ പാതകൾ, മാധവാരം-ശോഴാവരം എലിവേറ്റഡ് കോറിഡോർ എന്നിവയുടെ നിർമ്മാണത്തിന് അനുമതി നൽകണമെന്ന് അദ്ദേഹം കേന്ദ്ര റോഡ് ഗതാഗത-റെയിൽവേ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. ഇതിനോടൊപ്പം, സമഗ്ര ശിക്ഷാ പദ്ധതി ഫണ്ടുകൾ 3,284 കോടി രൂപ വ്യവസ്ഥകളില്ലാതെ ഉടൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയവുമായും ത്രിഭാഷാ പദ്ധതിയുമായും ഇതിനെ ബന്ധിപ്പിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, തമിഴ് ഭാഷയുടെ തനിമ വിളിച്ചോതുന്ന ‘തിരുക്കുറലിനെ’ ദേശീയ സാഹിത്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് സഹകരണ ഫെഡറലിസവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജനഹിതം മാനിച്ച് സുതാര്യമായ ഭരണം ഉറപ്പാക്കുമെന്ന് തമിഴ്‌നാട് ജനതയ്ക്ക് വാക്ക് നൽകി കൊണ്ടാണ് വിജയ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാരുമായി ക്രിയാത്മകമായി സഹകരിക്കാൻ തമിഴ്‌നാട് സന്നദ്ധമാണെന്നും എന്നാൽ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *