Tue. Apr 7th, 2026

ഫ്ലോറിഡ: 54 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചു. നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ്-2 ദൗത്യം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് വിജയകരമായി വിക്ഷേപിച്ചു. എസ്.എൽ.എസ് എന്ന കരുത്തുറ്റ റോക്കറ്റിൽ ഒറയോൺ പേടകത്തിലേറിയാണ് നാലംഗ സംഘം കുതിച്ചുയർന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ എത്തിക്കുന്ന ആദ്യ ദൗത്യമാണിത്.

വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ ഈ ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ‍ഞ്ചാരി ജെറെമി ഹാൻസൻ എന്നിവരാണ് പങ്കാളികളാകുന്നത്. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീ എന്ന ഖ്യാതി ക്രിസ്റ്റീന കോച്ചിനും ആദ്യ കറുത്ത വർഗക്കാരൻ എന്ന നേട്ടം വിക്ടർ ഗ്ലോവറിനും സ്വന്തമാണ്. അമേരിക്കക്കാരനല്ലാത്ത ആദ്യ യാത്രികനായി ജെറെമി ഹാൻസനും ചരിത്രത്തിൽ ഇടംപിടിച്ചു. യാത്രയിലുടനീളം ഇവർക്ക് കൂട്ടായി 56 ലക്ഷം മനുഷ്യരുടെ പേര് രേഖപ്പെടുത്തിയ മെമ്മറി കാർഡ് അടങ്ങിയ ‘റൈസ്’ എന്ന പാവയുമുണ്ട്.

പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ പേടകവും സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തിലൂടെ ഒറയോൺ ഈ യാത്രയിൽ കടന്നുപോകും. 2022-ൽ നടന്ന ആർട്ടെമിസ്-1 ദൗത്യത്തിന്റെ വിജയത്തിന് ശേഷമുള്ള ഈ നിർണ്ണായക ചുവടുവെപ്പ്, ചൈനയ്ക്കും മുൻപേ വീണ്ടും മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന അമേരിക്കയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള പ്രധാന ഘട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *