Wed. Jun 10th, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് മിഷൻ ഭവന പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നീക്കത്തിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്മാറിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് പാർട്ടി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തന ഫലമായി അഞ്ച് ലക്ഷത്തിലേറെ വീടുകൾ യഥാർത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ. ഒരു ലക്ഷത്തിലധികം വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അടുത്ത ഘട്ടത്തിൽ വീടിനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ പ്രതീക്ഷകളെ തച്ചുതകർക്കുന്ന നടപടിയാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ഭവന പദ്ധതികളിൽ ബ്രാൻഡിംഗും ചാപ്പകുത്തലും അടിച്ചേൽപ്പിച്ച് ലൈഫ് മിഷനെ അട്ടിമറിക്കാൻ ബിജെപിയും കേന്ദ്ര സർക്കാരുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. ആ കേന്ദ്ര നിലപാടിന്റെ തുടർച്ചയായി പദ്ധതി തന്നെ പൂർണ്ണമായി ഇല്ലാതാക്കാനാണ് ഇപ്പോൾ യുഡിഎഫ് ശ്രമിക്കുന്നത്.

വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച ഉദാഹരണമായ ലൈഫ് മിഷൻ വഴി രാജ്യത്ത് തന്നെ ഒരു ഭവന പദ്ധതിക്ക് നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് കേരളം നൽകുന്നത് (പട്ടികവർഗ വിഭാഗത്തിന് 6 ലക്ഷം രൂപയും ജനറൽ വിഭാഗത്തിന് 4 ലക്ഷം രൂപയും). ലൈഫ് രണ്ടാം ഘട്ട പട്ടികയിലെ അപേക്ഷകര്‍ക്കുള്ള വീടുകളാണ് ഇപ്പോള്‍ നല്‍കുന്നത്. മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന്‍ വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00364 വീടുകളാണ് പൂര്‍ത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. ലൈഫ് മിഷന് പുറമെ മുൻ ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന മറ്റ് മൂന്ന് പ്രധാന മിഷനുകളും പിരിച്ചുവിടാനുള്ള നീക്കം നാടിനോടുള്ള വെല്ലുവിളിയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഹരിത കേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം കേരളം മിഷൻ എന്നിവ നിർത്തലാക്കാനുള്ള നീക്കം യുഡിഎഫിന്റെ കപട രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയും തകിടം മറിക്കാനുള്ള ഈ ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് സിപിഐഎം ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *