Wed. Jun 10th, 2026

ദുബൈ: ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെയാണ് തന്ത്രപ്രധാനമായ സമുദ്രപാതയിലൂടെ കടന്നുപോവുകയായിരുന്ന കപ്പലുകളെ ഇറാൻ സേന തടഞ്ഞത്. ഇതിൽ രണ്ട് കപ്പലുകൾ ഐ ആർ ജി സി പിടിച്ചെടുത്ത് ഇറാന്റെ തീരത്തേക്ക് മാറ്റിയതായും മറ്റൊരു കപ്പലിന് നേരെ ആക്രമണമുണ്ടായതായും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എം എസ് സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ് എന്നീ കപ്പലുകളാണ് ഇറാൻ നാവികസേന പിടിച്ചെടുത്തത്. ഇതിൽ എം എസ് സി ഫ്രാൻസെസ്ക സയണിസ്റ്റ് ഭരണകൂടവുമായി (ഇസ്റാഈൽ) ബന്ധമുള്ളതാണെന്ന് ഇറാൻ ആരോപിച്ചു. രണ്ടാമത്തെ കപ്പലായ എപാമിനോണ്ടാസ് നാവിഗേഷൻ സംവിധാനങ്ങളിൽ മാറ്റം വരുത്തി സമുദ്ര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനാണ് പിടിച്ചെടുത്തതെന്നാണ് ഐ ആർ ജി സി നൽകുന്ന വിശദീകരണം. ഈ രണ്ട് കപ്പലുകളെയും നിലവിൽ ഇറാന്റെ പ്രാദേശിക ജലപരിധിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൂടാതെ യുഫോറിയ എന്ന മറ്റൊരു കപ്പലിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഐ ആർ ജി സി യുമായി ബന്ധമുള്ള വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ആക്രമണത്തിന് പിന്നാലെ ഈ കപ്പൽ ഇറാന്റെ തീരത്തിനടുത്ത് തങ്ങിയിരിക്കുകയാണ്. മേഖലയിൽ യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധവും വെടിനിർത്തൽ നീട്ടിവെച്ചതും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സമുദ്ര സുരക്ഷയെ ബാധിക്കുന്നതാണ് ഇറാന്റെ നടപടിയെന്ന് വിവിധ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *