ലണ്ടൻ: മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെതിരെ കടുത്ത അധിക്ഷേപ പരാമർശങ്ങളുമായി ശതകോടീശ്വര വ്യവസായിയും എക്സ് ഉടമയുമായ ഇലോൺ മസ്ക്. “ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്ക് ഉള്ളതാണ്” എന്ന മസ്കിന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ സോഷ്യൽ മീഡിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ആളുകളുടെ സോഷ്യൽ മീഡിയ ശീലങ്ങളെയും ജീവിതശൈലികളെയും കുറിച്ച് ചർച്ച ചെയ്യുന്ന ഒരു വൈറൽ പോസ്റ്റിന് മറുപടിയായാണ് മസ്ക് ഈ വിവാദ പരാമർശം നടത്തിയത്. ആകർഷകമായ ചിത്രങ്ങൾ പങ്കുവെക്കുക (തേർസ്റ്റ് ട്രാപ്സ്), തുടർച്ചയായി സ്റ്റോറികൾ അപ്‌ലോഡ് ചെയ്യുക, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുക തുടങ്ങിയ ഇൻസ്റ്റഗ്രാമിലെ പ്രവണതകളെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു യഥാർത്ഥ പോസ്റ്റ്. ഇതിന് താഴെയാണ് “ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ്” എന്ന കമന്റുമായി മസ്ക് എത്തിയത്.
വിവാദങ്ങൾ അവിടെയും അവസാനിച്ചില്ല. തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന പുരുഷന്മാരെ അധിക്ഷേപിക്കുന്ന മറ്റൊരു കമന്റും അദ്ദേഹം പങ്കുവെച്ചു. “ചിലപ്പോൾ പ്രായപൂർത്തിയായ മുതിർന്ന പുരുഷന്മാർ അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ എനിക്ക് അയച്ചുതരുമ്പോൾ, നിങ്ങൾ ലിംഗമാറ്റം നടത്തുകയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്” എന്നായിരുന്നു മസ്കിന്റെ അടുത്ത പരാമർശം. സ്ത്രീവിരുദ്ധതയും ട്രാൻസ്ഫോബിയയും നിറഞ്ഞ മസ്കിന്റെ ഈ വാക്കുകൾക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ലിംഗ സ്വത്വ രാഷ്ട്രീയത്തെയും എൽജിപിടിക്യൂ കാഴ്ചപ്പാടുകളെയും പരസ്യമായി എതിർക്കുന്ന മസ്കിന്റെ പരമ്പരാഗത പുരുഷകേന്ദ്രീകൃത ചിന്താഗതിയാണ് ഈ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഗൗരവതരമല്ലാത്തതും, ഗോസിപ്പ് സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ മാത്രമാണ് ഇൻസ്റ്റഗ്രാമിലുള്ളതെന്നാണ് മസ്കിന്റെ വാദം.
എന്നാൽ, ഈ അധിക്ഷേപങ്ങൾക്ക് പിന്നിൽ മസ്കിന്റെ കൃത്യമായ ബിസിനസ് തന്ത്രമുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഉപഭോക്താക്കളെ ചൊടിപ്പിക്കുന്ന രീതിയിൽ മനഃപൂർവ്വം ‘റേഞ്ച്-ബൈറ്റിംഗ്’ പോസ്റ്റുകൾ പങ്കുവെച്ച് ശ്രദ്ധ നേടുന്നത് മസ്കിന്റെ പതിവുശൈലിയാണ്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗുമായി നിലനിൽക്കുന്ന ശക്തമായ ബിസിനസ് വൈരത്തിന്റെ ഭാഗമായി, ഇൻസ്റ്റഗ്രാമിന്റെ ജനപ്രീതി ഇല്ലാതാക്കാനും തന്റെ സ്വന്തം പ്ലാറ്റ്‌ഫോമായ ‘എക്‌സിനെ’ പ്രൊമോട്ട് ചെയ്യാനുമാണ് മസ്ക് ഈ അവസരം ഉപയോഗിച്ചത്.
മറ്റ് സോഷ്യൽ മീഡിയ കമ്പനികൾ രഹസ്യമായി വിവരങ്ങൾ മറച്ചുവെക്കുകയും അൽഗോരിതങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുമ്പോൾ എക്സ് മാത്രമാണ് സുതാര്യമായി പ്രവർത്തിക്കുന്നതെന്ന വാദവും അദ്ദേഹം ഇതോടൊപ്പം ഉന്നയിക്കുന്നുണ്ട്. വിവര സ്വകാര്യതയുടെ പേരിൽ മെറ്റാ കമ്പനികൾ പ്രതിസന്ധിയിലാകുമ്പോഴൊക്കെ വാട്സാപ്പിനും ഫേസ്ബുക്കിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കാറുള്ള മസ്ക്, ആശയവിനിമയങ്ങൾക്കായി എക്സും എക്സ് ചാറ്റും ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് വീണ്ടും ആവർത്തിക്കുകയാണ്.

