Wed. Jun 10th, 2026

മഥുര: ആത്മീയ ഗുരുവെന്ന വ്യാജേന യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഐടി ബിരുദധാരിയായ യുവാവിനെ മഥുര പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ ഇരുപത്തിയൊൻപതുകാരൻ അഭിഷേക് മിശ്രയാണ് പിടിയിലായത്. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു നഴ്സിങ് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.

‘ആദികർത്താ നാരായണ ദാസ്’ എന്ന വ്യാജ നാമത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന ഇയാൾ, ഐഐടി റൂർക്കിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ വ്യക്തിയാണ്. കഴിഞ്ഞ നാല് വർഷമായി മഥുരയിലെ രാധാകുഞ്ച് ഏരിയയിൽ കഥാവാചക് എന്ന പേരിൽ മതപരമായ പ്രഭാഷണങ്ങൾ നടത്തി വരികയായിരുന്നു. ‘രാധാ കൃപാ അമൃത’ എന്ന യൂട്യൂബ് ചാനലിലൂടെയും ലിങ്ക്ഡ്ഇന്നിലൂടെയും ഇയാൾ ഭക്തിപരമായ വീഡിയോകൾ പങ്കുവെച്ച് അനുയായികളെ ആകർഷിച്ചു. പ്രധാനമായും എഞ്ചിനീയർമാരെയും ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെയും ലക്ഷ്യമിട്ടാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.

യുവതികളെ കുടുംബത്തിൽ നിന്ന് അകറ്റി മഥുരയിലെ തന്റെ വസതിയിൽ താമസിപ്പിക്കുക എന്നതാണ് ഇയാളുടെ രീതി. തുടർന്ന് ‘പ്രസാദം’ എന്ന പേരിൽ മയക്കുമരുന്ന് കലർത്തിയ പാൽ നൽകി ബോധം കെടുത്തി പീഡിപ്പിക്കുകയും, ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വെച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗാന്ധർവ്വ വിവാഹം വാഗ്ദാനം ചെയ്താണ് ഇയാൾ യുവതികളെ വലയിൽ വീഴ്ത്തിയിരുന്നത്. ഇയാളുടെ താവളത്തിൽ ഒരേസമയം ഇരുപത്തിനാലോളം യുവതീ യുവാക്കൾ താമസിച്ചിരുന്നതായും പോലീസ് കണ്ടെത്തുകയുണ്ടായി. അഭിഷേക് മിശ്രയുടെ ക്രൂരതകൾ കാരണം സ്വന്തം അമ്മ പോലും ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *