പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെത്തന്നെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ശേഷിയുള്ള, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രതിഭാസങ്ങളിലൊന്നായ ‘ഫോൾസ് വാക്വം ഡികെ’ ലബോറട്ടറിയിൽ വിജയകരമായി പരീക്ഷിച്ചതായി ചൈനീസ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ചൈനയിലെ വിഖ്യാതമായ സിങ്ഹുവ സർവകലാശാലയിലെ ഗവേഷകരാണ് പ്രപഞ്ചാവസാനത്തിന്റെ സൂക്ഷ്മമായ ഒരു മാതൃക ക്വാണ്ടം സിമുലേറ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചത്. ശാസ്ത്രലോകത്തെ ഏറ്റവും പ്രമുഖ ജേണലായ ‘ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിൽ’ ഈ വിപ്ലവാത്മക പരീക്ഷണത്തിന്റെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രപഞ്ചം പെട്ടെന്ന് ഒരു നിമിഷം കൊണ്ട് ഇല്ലാതായാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള അതിസങ്കീർണ്ണമായ പഠനമാണിത്. എന്നാൽ, ഈ പരീക്ഷണം കാരണം പ്രപഞ്ചം ഇപ്പോൾ അവസാനിക്കാൻ പോകുന്നു എന്ന ഭയം പൊതുജനങ്ങൾക്ക് ഒട്ടും വേണ്ടെന്ന് ശാസ്ത്രജ്ഞർ അടിവരയിട്ടു പറയുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടനയെക്കുറിച്ച് മനുഷ്യനുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ഭാവിയിലെ ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതികവിദ്യയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നതാണ് ഈ കണ്ടെത്തൽ എന്നാണ് അന്താരാഷ്ട്ര ശാസ്ത്രസമൂഹം വിലയിരുത്തുന്നത്.
പരീക്ഷണത്തിന്റെ കാതലായ ‘ഫോൾസ് വാക്വം ഡികെ’ എന്നത് 1970കളിൽ പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സിഡ്നി കോൾമാൻ മുന്നോട്ടുവെച്ച ഒരു സിദ്ധാന്തമാണ്. ലളിതമായി പറഞ്ഞാൽ, നാം ജീവിക്കുന്ന ഈ പ്രപഞ്ചം നിലവിൽ പൂർണ്ണമായും സ്ഥിരതയുള്ള ഒന്നാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, പ്രപഞ്ചം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഒരു താൽക്കാലിക ഊർജാവസ്ഥയിലാണ്. ഇതിനെയാണ് ഭൗതികശാസ്ത്രത്തിൽ ‘ഫോൾസ് വാക്വം’ അഥവാ വ്യാജ ശൂന്യത എന്ന് വിളിക്കുന്നത്.
പ്രപഞ്ചത്തിന് നിലവിലുള്ളതിനേക്കാൾ കുറഞ്ഞ ഊർജമുള്ള, കൂടുതൽ സുരക്ഷിതമായ മറ്റൊരു അവസ്ഥയിലേക്ക് മാറാൻ സാധിക്കും. ഇതിനെയാണ് ‘ട്രൂ വാക്വം’ അഥവാ യഥാർത്ഥ ശൂന്യത എന്ന് വിശേഷിപ്പിക്കുന്നത്. ക്വാണ്ടം തത്വങ്ങൾ അനുസരിച്ചുള്ള അപ്രതീക്ഷിതമായ വ്യതിയാനങ്ങൾ കാരണം എപ്പോഴെങ്കിലും പ്രപഞ്ചത്തിലെ ഏതെങ്കിലും ഒരു കണിക ഈ കുറഞ്ഞ ഊർജാവസ്ഥയിലേക്ക് തുരങ്കം നിർമ്മിച്ച് മാറുകയാണെങ്കിൽ, അതൊരു മഹാദുരന്തത്തിന് കാരണമായേക്കാം.
അതായത്, പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒരു ചെറിയ ‘ട്രൂ വാക്വം കുമിള’ രൂപപ്പെടുകയും, അത് പ്രകാശവേഗത്തിൽ ചുറ്റുമുള്ള എല്ലാറ്റിനെയും വിഴുങ്ങിക്കൊണ്ട് അതിവേഗം വ്യാപിക്കുകയും ചെയ്യും. ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്സികൾ എന്നിവയുൾപ്പെടെ പ്രപഞ്ചത്തിലുള്ള സകലതും ഈ കുമിളയ്ക്കുള്ളിൽ പെട്ട് നിമിഷനേരം കൊണ്ട് തകർന്നടിയും. പ്രപഞ്ചത്തിന്റെ വലുപ്പമുള്ള ഒരു അണുബോംബ് സ്ഫോടനം പോലെയായിരിക്കും ഈ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഈ പ്രപഞ്ച പ്രതിഭാസത്തെയാണ് പ്രശസ്ത ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം അണുക്കളുടെ തലത്തിൽ വിജയകരമായി പുനരാവിഷ്കരിച്ചത്. ഇതിനായി ഗവേഷകർ ‘റുബിഡിയം-87’ ആറ്റങ്ങളുടെ ഒരു വൺ-ഡൈമൻഷണൽ റിങ് നിർമിച്ചു. ഇവയെ ഉയർന്ന ഊർജ നിലയിലുള്ള ‘റിഡ്ബെർഗ് ആറ്റങ്ങൾ’ ആക്കി മാറ്റുകയായിരുന്നു. ഈ ആറ്റങ്ങൾക്ക് സ്വാഭാവികമായി രണ്ട് ഊർജാവസ്ഥകൾ നിലനിർത്താൻ ശേഷിയുണ്ടായിരുന്നു. തുടർന്ന്, പ്രത്യേകമായി ഡിസൈൻ ചെയ്ത ലേസർ രശ്മികൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർ ആറ്റങ്ങളുടെ ഒരു ഊർജ നില കൃത്രിമമായി ഉയർത്തി. ഇതിനെ ‘ഫോൾസ് വാക്വം’ ആയി അവർ നിശ്ചയിച്ചു. രണ്ടാമത്തെ ഊർജ നില ‘ട്രൂ വാക്വം’ ആയും പ്രവർത്തിച്ചു. ലേസർ ഉപയോഗിച്ച് ആറ്റങ്ങളുടെ സമമിതി തകർക്കുക വഴിയാണ് ഈ കൃത്രിമ ഊർജ വ്യത്യാസം ലബോറട്ടറിയിൽ സൃഷ്ടിച്ചെടുത്തത്.
പരീക്ഷണത്തിനിടയിൽ ഉണ്ടായ ക്വാണ്ടം വ്യതിയാനങ്ങൾ കാരണം, ഉയർന്ന ഊർജത്തിലുള്ള ഫോൾസ് വാക്വം അവസ്ഥ തകരുകയും അത് കുറഞ്ഞ ഊർജമുള്ള ട്രൂ വാക്വം അവസ്ഥയിലേക്ക് മാറുകയും ചെയ്തു. ഈ ആറ്റോമിക് മാറ്റത്തിനിടയിൽ ലബോറട്ടറി ഉപകരണങ്ങൾക്കുള്ളിൽ കുമിളകൾ രൂപപ്പെടുന്നതും അവ വ്യാപിക്കുന്നതും ശാസ്ത്രജ്ഞർക്ക് നേരിട്ട് നിരീക്ഷിക്കാനും റെക്കോർഡ് ചെയ്യാനും സാധിച്ചു. ഭൗതികശാസ്ത്ര ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു പ്രതിഭാസം കൃത്രിമമായി നിരീക്ഷിക്കുന്നത്.
ഈ പരീക്ഷണം പുറത്തുവന്നതോടെ പ്രപഞ്ചാവസാനത്തെക്കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും വീണ്ടും സജീവമായിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ കണക്കുകൂട്ടലുകൾ അനുസരിച്ച്, യഥാർഥ പ്രപഞ്ചത്തിൽ ഇത്തരമൊരു തകർച്ച നടക്കണമെങ്കിൽ ഒരു ക്വാട്ടുവോർട്രിജിന്റിലിയൻ വർഷങ്ങളേക്കാൾ കൂടുതൽ സമയമെടുക്കും. ഇത് നമ്മുടെ പ്രപഞ്ചത്തിന്റെ നിലവിലെ പ്രായത്തേക്കാൾ എത്രയോ ഇരട്ടിയായതിനാൽ മനുഷ്യരാശി ഒട്ടും ഭയപ്പെടേണ്ടതില്ല.
ഈ പരീക്ഷണത്തിന്റെ യഥാർഥ പ്രാധാന്യം പ്രപഞ്ചശാസ്ത്രത്തിൽ മാത്രമല്ല, ഭാവിയിലെ ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതികവിദ്യയിലാണ് കിടക്കുന്നത്. ‘റിഡ്ബെർഗ് ആറ്റം അറേകൾ’ ഉപയോഗിച്ചുള്ള ക്വാണ്ടം സിമുലേറ്ററുകളുടെ അതിശക്തമായ കരുത്താണ് ഈ പരീക്ഷണം തെളിയിക്കുന്നത്. നിലവിലുള്ള സാധാരണ ക്വാണ്ടം കംപ്യൂട്ടറുകളിൽ ഓരോ ക്യൂബിറ്റുകളെയും പ്രത്യേകം നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ ന്യൂട്രൽ ആറ്റം സിമുലേറ്ററുകളിൽ ശാസ്ത്രജ്ഞർക്ക് ഒരു പ്രാരംഭ ഘടന നിശ്ചയിച്ച ശേഷം, ആ സിസ്റ്റം പ്രകൃതിദത്തമായി എങ്ങനെ മാറുന്നു എന്ന് നിരീക്ഷിച്ചാൽ മതിയാകും. സങ്കീർണമായ ക്വാണ്ടം സിസ്റ്റങ്ങളെ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യയിൽ ഗൂഗിൾ ഉൾപ്പെടെയുള്ള ആഗോള ടെക് ഭീമന്മാർ വലിയ ഗവേഷണങ്ങൾ നടത്തുന്നതിനിടയിലാണ് ചൈനയുടെ ഈ നിർണായക മുന്നേറ്റം.

