ന്യൂഡല്‍ഹി: രണ്ടാഴ്ചയോളം ഡൽഹിയിൽ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. എ ഐ സി സി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. ഐക്യജനാധിപത്യ മുന്നണിയെ ചരിത്രവിജയത്തിലേക്ക് നയിച്ച സതീശന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായാണ് ഹൈക്കമാൻഡ് ഈ തീരുമാനം കൈക്കൊണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു ഡി എഫ് ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നിലനിന്നിരുന്ന ആകാംക്ഷകൾക്കാണ് ഇതോടെ അന്ത്യമായത്.
രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നീ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും വി ഡി സതീശനുള്ള ജനകീയ പിന്തുണയും യുവത്വത്തിന്റെ ആവേശവും ഹൈക്കമാൻഡ് തീരുമാനത്തിൽ നിർണ്ണായകമായി. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പിണറായി സർക്കാരിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച മികവാണ് മുന്നണിയെ നൂറ് സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്തിച്ചത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന വി ഡി സതീശന്, താന്‍ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. 1996ല്‍ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തോല്‍വിയില്‍ തളരാതെ പോരാടിയ സതീശന് 2001ല്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്ന് ജയം നേടി. പിന്നീട് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021, 2026) പറവൂര്‍ മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല.
2021ല്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തു. വെറും രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം, കൃത്യമായ ഡാറ്റയും രേഖകളും സഹിതം നിയമസഭയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ വിഡിയുടെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2026ലെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്.
1964 മെയ് 31-ന് നെട്ടൂരില്‍ വടശ്ശേരി ദാമോദരന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ചു. നെട്ടൂര്‍ എസ്വിയുപി സ്കൂള്‍, പനങ്ങാട് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എം ജി. സര്‍വകലാശാലാ യൂണിയന് ചെയര്മാന്, എന്എസ്യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

