Fri. May 15th, 2026

മലപ്പുറം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വിവാദത്തില്‍ കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ക്രൗഡ് പുള്ളര്‍ ഷാഫി പറമ്പിലിനെതിരെ ഒരു വിഭാഗത്തിന്റെ വികാര പ്രകടനം ശക്തമായിരിക്കെ ഷാഫി നടത്തിയ ഒരു വഞ്ചനയുടെ വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍.

“വ്യാകരണമില്ലാത്ത ജീവിതം” എന്ന തന്റെ ആത്മകഥയിലാണ് കെ എന്‍ എ ഖാദര്‍ അവിശ്വസനീയമായ ഒരു ചതിയുടെ കഥ പറയുന്നത്. നിയമസഭയില്‍ പ്രസംഗിക്കാനായി താന്‍ തയ്യാറാക്കിയ കുറിപ്പ് കണ്ണു തെറ്റിയപ്പോള്‍ ഷാഫി കൈവശപ്പെടുത്തി സഭയില്‍ വമ്പന്‍ പ്രസംഗം നടത്തിയെന്നാണ് കെ എന്‍ എ ഖാദര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര വകുപ്പിനെ കുറിച്ച് പ്രസംഗിക്കാനായി താന്‍ തയ്യാറാക്കി വെച്ച കുറിപ്പാണ് ഷാഫി പറമ്പില്‍ കൈവശപ്പെടുത്തിയത്. നിയമസഭാ ചെയര്‍മാന്‍മാരുടെ പാനലില്‍ അംഗമായിരുന്ന തനിക്ക് സ്പീക്കര്‍ പുറത്ത് പോയപ്പോള്‍ സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കേണ്ടി വന്നെന്നും അപ്പോഴാണ് ഷാഫി താന്‍ തയ്യാറാക്കിയ പ്രസംഗം കൈവശപ്പെടുത്തി സഭയില്‍ ആഞ്ഞടിച്ചതെന്നും അദ്ദേഹം പറയുന്നു.

“അത് ഷാഫി പറമ്പില്‍ അടിച്ചുമാറ്റി” എന്ന അധ്യായത്തിലാണ് ഈ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സ്പീക്കര്‍ നിയമസഭയിലില്ല. ഞാനാണ് സ്പീക്കര്‍ കസേരയില്‍. അന്ന് എനിക്ക് പ്രസംഗമുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിനെക്കുറിച്ചാണ് നിയമസഭയില്‍ സംസാരിക്കാനുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള പോലീസ് അതിക്രമങ്ങളും വീഴ്ചകളും എണ്ണിപ്പറയണം. അതിന് വേണ്ടി തയ്യാറാക്കിയ കുറിപ്പ് സീറ്റിലെ മേശയുടെ അകത്തേക്കായി വെച്ചു.

അതിനിടെയാണ് സ്പീക്കര്‍ പുറത്ത് പോയതും അവിടെ ഇരിക്കേണ്ടി വന്നതും. ഷാഫി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ പല പോയിന്റുകളും ഞാന്‍ കുറിച്ചതാണല്ലോ എന്ന് തോന്നി. എന്റെ സീറ്റിന് കുറച്ചപ്പുറത്തായിരുന്നു ഷാഫിയുടെ ഇരിപ്പിടം. സ്പീക്കര്‍ വന്നപ്പോള്‍ ഞാന്‍ സീറ്റിലേക്ക് മടങ്ങി. അപ്പോഴേക്കും ഷാഫി ഓടി വന്ന് “ഇതാ സാറിന്റെ കുറിപ്പ്, ഇനി എനിക്കിത് വേണ്ട” എന്ന് പറഞ്ഞത്. എന്തു പണിയാണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ സാറിന് വേറെയും പറയാമല്ലോ അതിനുള്ള മരുന്നുണ്ടല്ലോ എന്ന് ഷാഫി ചിരിച്ചു കൊണ്ട് പറഞ്ഞു- ഇതാണ് ആത്മകഥയില്‍ പറയുന്നത്. ഏപ്രില്‍ 30നാണ് കെ എന്‍ എ ഖാദറിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത്. മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ആത്മകഥ പ്രകാശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *