✍️ ഡോ. അജയ് ശേഖർ
“എല്ലാവരുമാത്മസഹോദരരെന്നല്ലേ
പറയേണ്ടതിതോര്‍ക്കുകില്‍ നാം…“ – നാരായണഗുരു,
21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ എഴുത്തധികാരത്തെയും സംസ്‌കാര രാഷ്ട്രീയത്തെയും ചരിത്രരചനയെയും പ്രശ്‌നവത്കരിച്ച നവജനായത്ത പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ഊര്‍ജമാണ് സഹോദരനെ തിരികെ കൊണ്ടുവന്നത്. സഹോദരവാദത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളെ വര്‍ത്തമാനത്തില്‍ സാധ്യമാക്കിയതും സാര്‍ഥകമാക്കിയതും മന്ദിര്‍മസ്ജിദ്മണ്ഡല്‍ഗുജറാത്ത് അനന്തര ഇന്ത്യയിലെയും കേരളത്തിലെയും ദളിതബഹുജനങ്ങളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സംസ്‌കാര ദേശീയവാദത്തെയും ഹിന്ദുത്വ ഫാസിസത്തെയും ചെറുക്കുന്ന സംഘര്‍ഷഭരിതമായ പുതിയ ജനായത്ത പോരാട്ടങ്ങളായിരുന്നു. കേരളത്തിലെ ദളിത് സാംസ്‌കാരിക രാഷ്ട്രീയത്തിലൂടെ മറ്റ് സാമൂഹ്യപരിഷ്കർത്താക്കളിൽ നിന്ന് വ്യത്യസ്തമായി ‘സഹോദര’നെന്ന് ദളിതര്‍ ആത്മാർത്ഥതയോടെ വിളിക്കുന്ന കേരളചരിത്രത്തിലെ ഒരേയൊരു പുലയനയ്യപ്പനെ നമ്മുടെ രാഷ്ട്രീയബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു .
1888ല്‍ അവര്‍ണ മുനിയായിരുന്ന നാണുവാശാന്‍ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഉദ്ഘാടനംചെയ്ത കേരള നവോത്ഥാനത്തിന്റെ കാഹളംകേട്ട് കൊച്ചിയിലെ ചെറായിയില്‍ 1889 ആഗസ്ത് 22ന് കുമ്പളത്തുപറമ്പില്‍ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയമ്മയുടെയും മകനായി പിറന്ന കെ. അയ്യപ്പന്റെ വിശ്വങ്ങളെ വിജയിച്ച സഹോദരവാദത്തെയും സമുദായവാദത്തെയും സാമൂഹിക ജനായത്തപരമായ പ്രാതിനിധ്യവാദത്തെയും പൗരാവകാശവാദത്തെയും മനുഷ്യാവകാശവാദത്തെയും കേരളത്തില്‍ സമകാലികമായി വീണ്ടെടുത്തതും ഇന്ന് രാഷ്ട്രീയാവകാശങ്ങള്‍ക്കായി സംഘര്‍ഷപ്പെടുന്ന അടിത്തട്ടിലുള്ള ജനതകളും കീഴാള ജൈവബുദ്ധിജീവികളും തന്നെയാണ്.
ജാതിയുടെയും അതിന്റെ ഉറവിടമായ ബ്രാഹ്മണിക വൈദിക വര്‍ണവ്യവസ്ഥയുടെയും ഉച്ചനീചക്രമത്തില്‍ മേലാവിലുള്ള കൂടിയ വരേണ്യതയിലേക്ക് ഉറ്റുനോക്കുന്ന ജാതികാമനയെ തകര്‍ത്തുകൊണ്ട് അടിത്തട്ടിലേക്ക് ആണ്ടിറങ്ങി തുല്യരായ മനുഷ്യരാവുക എന്നതായിരുന്നു സഹോദരന്റെ സിദ്ധാന്തവും പ്രയോഗവും. തനിക്കുമീതെയും കീഴെയും ആരുമില്ലെന്നും എല്ലാ മനുഷ്യരും സമന്മാരാണെന്നും നാണുവാശാന്റെ വത്സലശിഷ്യന്‍ മനസ്സിലുറപ്പിച്ചു. ഈഴവര്‍ തങ്ങള്‍ക്കുമേലേയുള്ള നായന്മാരാകുമ്പോഴല്ല, കീഴിലുള്ള പുലയരാകുമ്പോഴാണ് മനുഷ്യരാകുന്നതെന്ന നാരായണഗുരുവിന്റെ സാമൂഹികനീതിയുടെ തത്ത്വദര്‍ശനത്തെ സാക്ഷാത്കരിക്കുകയായിരുന്നു പ്രബുദ്ധശിഷ്യനായ പുലയനയ്യപ്പന്‍.
ബൗദ്ധമായ രീതിയില്‍ കാലടിയെ ആദരവോടെ സൂചിപ്പിക്കുന്ന തൃപ്പാദങ്ങള്‍ എന്നുമാത്രം വിളിച്ചിരുന്ന തന്റെ ഗുരുവിനെ യുക്തിയുക്തം സ്‌നേഹാദരങ്ങളോടെ വിമര്‍ശാത്മകമായി വ്യാഖ്യാനിച്ചുകൊണ്ട് ജാതിയും മതവും ദൈവവുമല്ല മനുഷ്യര്‍ക്ക് വേണ്ടതെന്നും യഥോചിതം ധര്‍മമാണ് വേണ്ടതെന്നും ഒരു ബുദ്ധബോധകനായ ഥേരനെപ്പോലെ, ധര്‍മശാസകനായ ശാസ്താവിനെപ്പോെല സഹോദരന്‍ അയ്യപ്പന്‍ സുധീരമായി ഉദ്‌ഘോഷിച്ചു.
1917ല്‍ ചെറായിയില്‍ ദളിതസോദരങ്ങളുമായി നടത്തിയ മിശ്രഭോജനത്തിലൂടെ ജാതിയെ ദഹിപ്പിച്ചുകൊണ്ട് അദ്ദേഹം സ്വയം പുലയനാവുകയും മനുഷ്യനാവുകയും ചെയ്തു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ 1888ലെ നാണുവാശാന്റെ അരുവിപ്പുറം പ്രതിഷ്ഠ, 1893ലെ അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര, 1913ലെ കറുപ്പന്റെ കൊച്ചിക്കായല്‍ സമ്മേളനം എന്നിവയ്ക്കുശേഷം ഏറ്റവും നിര്‍ണായകമായ സാമൂഹികമാറ്റം സാധ്യമാക്കിയ ധീരസംരംഭവും സാമൂഹിക വിപ്ലവവുമായിരുന്നു സഹോദരന്റെ ചെറായി പന്തിഭോജനം.
ദളിത് സമുദായവത്കരണം എന്ന ജനായത്തപരമായ ആശയസംഹിതയെ മുന്നോട്ടുവെക്കുന്ന കെ.കെ. കൊച്ചിനെപ്പോലുള്ള കേരളത്തിലെ ദളിത് ചിന്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും നാണുവാശാന്റെയും സഹോദരന്റെയും സമുദായഭാവനയില്‍നിന്നാണ് തങ്ങളുടെ ദളിത് സമുദായസങ്കല്‍പത്തെ ചരിത്രപരമായി സംസ്‌കാര, രാഷ്ട്രീയ സൂക്ഷ്മതയോടെ വികസിപ്പിക്കുന്നത്.
കെ.എ. സുബ്രഹ്മണ്യത്തിന്റെയും സാനുമാഷിന്റെയും സി.ആര്‍. കേശവന്‍ വൈദ്യരുടെയും വിലപ്പെട്ട സഹോദരപാഠങ്ങളാണ് കേരളത്തിന്റെ ഭാഷാവബോധത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സഹോദരനെ അനശ്വരമായി കുടിയിരുത്തിയത്. ബഹുസ്വരവും വിപുലവുമായ ആ സവിശേഷ വിമോചന കര്‍തൃത്വത്തിന്റെ ചില പ്രകാശനങ്ങളെയാണ് പുതിയ ജീവചരിത്രങ്ങളും പാഠവത്കരിക്കുന്നത്. പി.കെ. ബാലകൃഷ്ണന്‍ ഏറ്റവും ആഗ്രഹിച്ചതും എഴുതാന്‍ കഴിയാതെപോയതുമായ പുസ്തകവും സഹോദരന്‍തന്നെ. സഹോദരന്‍ അയ്യപ്പന്‍: ടുവേഡ്‌സ് എ ഡെമോക്രാറ്റിക് ഫ്യൂച്ചര്‍ (കോഴിക്കോട്: അദര്‍ ബുക്‌സ്, 2012) എന്ന പേരില്‍ ഈ ലേഖകന്‍ രചിച്ച ഇംഗ്ലീഷിലുള്ള പാഠവിവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരേയൊരു ജീവചരിത്ര പഠനഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നതും പി.കെ. ബാലകൃഷ്ണനും സാനുമാഷിനും സുബ്രഹ്മണ്യം വക്കീലിനും കേശവന്‍ വൈദ്യര്‍ക്കുമാണ്.
നാരായണഗുരുവിന്റെ പലമതസാരവുമേകമെന്നുള്ള ഉദാരമായ മതേതര തത്ത്വദര്‍ശനത്തില്‍നിന്ന് പ്രേരിതനായി ക്രൈസ്തവ മിഷനറിമാരുടെയും ഇസ്ലാമിന്റെയും സിഖ് സഹോദരങ്ങളുടെയും സമത്വബോധമുള്ള സ്‌നേഹസാഹോദര്യ സന്ദേശങ്ങളില്‍ പ്രചോദിതനായാണ് തന്റെ പൊതുജീവിതവും പ്രഭാഷണകലയും അച്ചടി, പ്രസാധന പരിപാടികളും അദ്ദേഹം ആവിഷ്‌കരിച്ചതും സ്വന്തം പത്രത്തിന് സഹോദരന്‍ എന്ന് പേരിട്ടതും.
1917ലെ ചെറായി പന്തിഭോജനത്തിലൂടെയും സഹോദരസംഘത്തിന്റെ നിരവധിയായ മിശ്രഭോജന, വിവാഹ, സാഹോദര്യ പരിപാടികളിലൂടെയും ദളിതബഹുജനങ്ങളില്‍ മാനുഷികമായ ജൈവസാഹോദര്യത്തിന്റെ വിത്തുകള്‍ വ്യാപകമായി വിതറിയത് തീര്‍ച്ചയായും സഹോദരന്‍ മാസികയുടെയും പത്രത്തിന്റെയും എഡിറ്ററും യുക്തിവാദിസംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന കെ. അയ്യപ്പന്‍ തന്നെയാണ്.
മലയാള പത്രപ്രവര്‍ത്തനത്തിന്റെ അലകും പിടിയും നിര്‍ണയിച്ച ‘പൂനാ പട്ടിണി’ പോലുള്ള വിമര്‍ശരാഷ്ട്രീയ പ്രയോഗങ്ങളും ശൈലികളും ഭാഷയ്ക്കും ലോകബോധത്തിനും സംഭാവനചെയ്തത് പത്രാധിപരായ സഹോദരനാണ്. ‘ഗാന്ധിസന്ദേശം’ പോലുള്ള സ്‌ഫോടനാത്മകമായ കവിതകളിലൂടെ ‘നായിലും നാണം കെട്ട് ചവിട്ടുന്ന ബ്രാഹ്മണപാദം നക്കുന്ന’ ഗാന്ധിജിയെ സമകാലികമായി വിമര്‍ശപ്രതിനിധാനം ചെയ്യുന്ന രചനകള്‍ 1930കളിലും ’40കളിലും അദ്ദേഹം പ്രസിദ്ധീകരിച്ചു.
പ്രസാധകന്‍, പത്രാധിപര്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാമൂഹികനേതാവ്, നിയമസഭാ സാമാജികന്‍, മന്ത്രി, അധ്യാപകന്‍, കവി, ഗദ്യകാരന്‍, സാമൂഹിക പ്രക്ഷോഭകന്‍ എന്നിങ്ങനെ നിരവധി തലങ്ങളിലും തുറകളിലുമുള്ള സഹോദരന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും തികച്ചും ജനായത്തപരവും ബഹുസ്വരവുമാണ്. കേരളത്തിന്റെ ആധുനികതയെയും ജനായത്ത സഭ്യതയെയും നിര്‍ണയിക്കുകയും കരുപ്പിടിപ്പിക്കുകയും ചെയ്ത മുന്‍നിര ചിന്തകരിലും എഴുത്തുകാരിലും സാമൂഹിക പ്രയോക്താക്കളിലും അഗ്രഗണ്യനാണ് അദ്ദേഹം. റഷ്യന്‍ വിപ്ലവംമുതല്‍ അംബേദ്കറിസം വരെയുള്ള എല്ലാ വിമോചനയാനങ്ങളെയും സമകാലത്ത് കേരളമണ്ണിലും മനസ്സിലുമെത്തിച്ച എഴുത്തുകാരനും വിവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു കെ. അയ്യപ്പന്‍ ബി.എ.
ബുദ്ധധര്‍മത്തിന്റെ ജൈവ അടയാളമായ ആലിലയായിരുന്നു സഹോദരന്‍ പത്രത്തിന്റെ ലോഗോ. ജാതിരാക്ഷസ ദഹനമടക്കമുള്ള പ്രതീകാത്മക സമരമാതൃകകളും പ്രക്ഷോഭശൈലികളും കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിന് സംഭാവനചെയ്തത് സഹോദരനാണ്. സഹോദരന്‍ നടത്തിയ ഈഴവരുടെ സാമുദായികാവകാശ പ്രഖ്യാപനവും മനുഷ്യാവകാശ പ്രഖ്യാപനവും (1945) യു.എന്നിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തിനും (1948) മുമ്പാണ് നടന്നത്. ദളിതര്‍ക്കും സ്ത്രീകള്‍ക്കും ബഹുജനങ്ങള്‍ക്കുമായുള്ള നിരവധി നിയമപരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊച്ചി നിയമസഭയില്‍ നടത്തിയിട്ടുണ്ട്.
നിയമം പഠിച്ച് രാഷ്ട്രീയമായ ആംഗലം പച്ചവെള്ളംപോലെ വഴങ്ങുമ്പോഴും കൊച്ചി നിയമസഭയില്‍ ചരിത്രത്തിലാദ്യമായി മാതൃഭാഷയായ മലയാളത്തില്‍ സംസാരിച്ച ജനപ്രതിനിധിയാണ് സഹോദരന്‍. കേശവദേവ്, ബഷീര്‍, പോഞ്ഞിക്കര റാഫി എന്നിങ്ങനെയുള്ള സാമൂഹികബോധമുള്ള എഴുത്തുകാരെ കൈരളിക്ക് സംഭാവനചെയ്ത പത്രാധിപരും പ്രസാധകനുമായിരുന്നു സഹോദരന്‍. ബഷീറിന്റെ ജട്ടിയിലെ പുസ്തകക്കട ഒഴിപ്പിക്കുന്നത് തടയുകയും സ്വന്തം വീടിന്റെ പാതി പാതവികസിപ്പിക്കാന്‍ പൊളിച്ചുകൊടുക്കുകയും ചെയ്ത പൊതുമരാമത്തുമന്ത്രിയായിരുന്നു കെ. അയ്യപ്പന്‍.
ആധുനിക കേരളത്തിന്റെ മാത്രമല്ല, ആധുനിക കൊച്ചിയുടെ വികസന വാസ്തുശില്പിയും കൂടിയാണ് സഹോദരന്‍. അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ വൈപ്പിനിലേക്കുള്ള പാലങ്ങള്‍ക്ക് ‘സഹോദരന്‍ അയ്യപ്പന്‍ പാലങ്ങള്‍’ എന്ന് പുനര്‍നാമകരണം ചെയ്യേണ്ടതാണ്. നാരായണഗുരുതന്നെ ‘ജാതിനിര്‍ണയ’ത്തില്‍ ലളിതമായി എഴുതിയതുപോലെ പശുക്കള്‍ക്ക് പശുത്തം എന്നപോലെ മനുഷ്യരുടെ ജാതി മനുഷ്യത്വം തന്നെയാണ്. മനുഷ്യര്‍ക്കുള്ള പാലത്തിനെന്തിന് പശുക്കളുടെയും ഗോശ്രീയുടെയും മറ്റും പേരിടുന്നു? കൊച്ചഴിയാണ് കൊച്ചിയെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാവുന്നതാണല്ലോ.
വ്യാജ ഭൂരിപക്ഷവാദത്തിലൂടെ ബ്രാഹ്മണികവും ഹൈന്ദവവും അധീശത്വപരവുമായ വ്യാഖ്യാനങ്ങളും കാഴ്ചകളും നാരായണഗുരുവിനെയും സഹോദരനെയും അവര്‍ തുടങ്ങിവെച്ച പ്രസ്ഥാനങ്ങളെയും പോലും സ്വാംശീകരിക്കാനും രാഷ്ട്രീയമായി നിര്‍വീര്യമാക്കാനും ശ്രമിക്കുന്ന കാലത്താണ് വിമോചനവായനകളും വീണ്ടെടുപ്പുകളും പ്രസക്തമാകുന്നത്. സംസ്‌കാര ദേശീയവാദവും സംസ്‌കാര വരേണ്യവാദവും നവഹിന്ദുത്വവാദവും നവഗാന്ധിസങ്ങളും നവദേശീയവാദങ്ങളും കൊടുമ്പിരിക്കൊള്ളുന്ന വര്‍ത്തമാന സന്ദര്‍ഭങ്ങളില്‍ ഹിന്ദുദേശീയവാദം പ്രോഫാസിസം തന്നെയായി ബഹുജനങ്ങളെ ഹിന്ദുവത്കരിച്ചുകൊണ്ട് ബാലറ്റിലൂടെതന്നെ അധികാരം കൈയാളുന്ന ഭീഷണസന്ധിയില്‍ ഹിന്ദുത്വഹിംസയെ വിമര്‍ശനാത്മകമായി അപനിര്‍മിക്കുകയും ബൗദ്ധമായും ബഹുമത സാഹോദര്യത്തോടെയും ബഹുജനനോന്മുഖമായും ചെറുക്കുകയും ചെയ്യുന്ന ബഹുസ്വരവും ജനായത്തപരവുമായ സഹോദരന്റെ വാങ്മയവും വൈവിധ്യങ്ങളുടെ സമഭാവനയിലൂന്നിയ പ്രാതിനിധ്യവാദത്തെ മുന്നോട്ടുവെക്കുന്ന സാമൂഹിക ജനായത്തദര്‍ശനവും ഏറെ നിര്‍ണായകമാകുന്നു.

