Wed. Jun 10th, 2026

✍️ ലിബി.സി.എസ്

ചെറായിലെ മിശ്രഭോജനമൊക്കെ നടക്കുമ്പോൾ പനമ്പിള്ളി ഗോവിന്ദമേനോന് 9 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മുതിർന്നപ്പോൾ സഹോദര സംഘത്തിലും പിന്നീട് യുക്തിവാദി സംഘത്തിലുമൊക്കെ പനമ്പിള്ളി എത്തിപ്പെടുന്നത് എംസി ജോസഫ് വഴിയാണ്. ഇരിങ്ങാലക്കുടയിൽ എം.സി.ജോസഫിൻറെ ജൂനിയർ ആയിട്ടാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. എം.സി യുമായുള്ള സഹവാസത്തിലൂടെ പനമ്പിള്ളിയും യുക്തിവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആ സമയത്ത് ഇടക്കിടയ്ക്ക് യുക്തിവാദി മാസികയിൽ പനമ്പിള്ളിയും എഴുതാൻ തുടങ്ങി.

പിന്നീട് 1935 നവംബർ 11 ന് സഹോദരസംഘം പ്രവർത്തകർ കൊച്ചി സംസ്ഥാനത്ത് “യുക്തിവാദി സംഘം” എന്നപേരിൽ തന്നെ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചു. അതിൻറെ പ്രസിഡന്റ് കെ. രാമവർമ്മ തമ്പാൻ ആയിരുന്നു. എംസി ജോസഫ് ആയിരുന്നു ജനറൽ സെക്രട്ടറി. പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു ട്രഷറർ. പിന്നീട് സംഘടനാപ്രവർത്തനം തിരുവിതാംകൂറിലേക്കും മലബാറിലേക്കും അവർ വ്യാപിപ്പിച്ചു. ആ കാലഘട്ടത്തെക്കുറിച്ച് പെരിയാർ തന്നെ അദ്ദേഹത്തിൻറെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

“കേരളത്തിലെ യുക്തിവാദി സംഘത്തിൻ്റെ പ്രവർത്തനങ്ങളിൽ ഒരു കാലത്ത് ഞാൻ വളരെ സഹകരിച്ചിരുന്നു. അത് ചെറുപ്പക്കാരിൽ എത്ര പേർക്ക് അറിയാമെന്ന് എനിക്ക് നിശ്ചയമില്ല. സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ്, പി.പി. ആൻ്റണി തുടങ്ങിയവർക്ക് അതേപ്പറ്റി നന്നായി അറിയാം. 1935-ൽ രാമവർമ്മ തമ്പാൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ യുക്തിവാദി സംഘടന രൂപീകരിച്ചപ്പോൾ അവരുടെ മീറ്റിംഗുകളിൽ പ്രസംഗിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. എറണാകുളം, തൃശൂർ, ചേർത്തല, തിരുവനന്തപുരം, പാലക്കാട് തുടങ്ങി പല സ്ഥലങ്ങളിലും ഞാനന്ന് പ്രസംഗിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിലെ യുക്തിവാദി നേതാക്കളിൽ പലരും ആദർശപരമായ കാര്യങ്ങളിൽ വളരെ പിന്നോക്കമായിരുന്നു. ജാതിവാലും വെച്ച് പൂണൂലും ഇട്ടാണ് പലരും നടന്നിരുന്നത്. സഹോദരൻ വാരിക നടത്തിയിരുന്ന കെ. അയ്യപ്പൻ മാത്രമായിരുന്നു ഇതിൽ നിന്ന് വ്യത്യസ്തൻ. തമ്പാൻ വലിയ പണ്ഡിതനായിരുന്നെങ്കിലും പൂണൂലിട്ടുകൊണ്ടാണ് നടന്നിരുന്നത്. അത് ഊരിക്കളയാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘ഊട്ടുപുരയിൽ ശാപ്പാട് കിട്ടാൻ പൂണൂൽ ആവശ്യമാണ്’ എന്നായിരുന്നു തമ്പാന്റെ ന്യായവാദം. ഇതിനോടു യോജിക്കാൻ എനിക്ക് കഴിഞ്ഞില്ല. കോയമ്പത്തൂർ ജില്ലയിലെ ‘സ്വയമര്യാദസംഘ’ത്തിൻ്റെ വാർഷികത്തിന് കേരളത്തിൽ നിന്ന് ഞാൻ മൂന്നു യുക്തിവാദികളെ വിളിച്ചിരുന്നു. കെ. അയ്യപ്പൻ, ഡോ.പി.പി. ആൻ്റണി, എം.സി. ജോസഫ് എന്നിവർ വന്ന് എൻ്റെ കൂടെ താമസിക്കുകയും സമ്മേളനത്തിൽ പ്രസംഗിക്കുകയും ചെയ്തു.കേരളത്തിലെ യുക്തിവാദിസംഘം പ്രസിഡന്റ് രാമവർമ്മ തമ്പാൻ വലിയ പ്രാസംഗികനും പണ്ഡിതനുമായിരുന്നെങ്കിലും പൂണൂൽ ഇട്ടു നടന്നതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ വിളിക്കാതിരുന്നത്. മതവുമായും ജാതിയുമായും സന്ധിചെയ്തു പോകുന്ന ആളുകളോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയുകയില്ല.” -പെരിയാർ ഇ വി രാമസ്വാമി (‘ഞാനും നിങ്ങളും’)

എന്തായാലും വാലുണ്ടായിരുന്നെങ്കിലും പനമ്പിള്ളി തികഞ്ഞ നിരീശ്വരവാദി ആയിരുന്നു. ദീർഘകാലം യുക്തിവാദിസംഘത്തിൻറെ ട്രഷററുമായിരുന്നു.
1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി.
1945 ൽ കൊച്ചി നിയമസഭയിൽ പ്രതിപക്ഷ നേതാവായി.
1946ലും ’48 ലും കൊച്ചിയിൽ മന്ത്രിസഭാംഗമായി.
1949 ൽ തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ ആദ്യമന്ത്രിസഭയിലും അംഗമായി.
1955 ൽ പട്ടം താണുപിള്ള മന്ത്രിസഭ തകർന്നപ്പോൾ തിരു-കൊച്ചി മുഖ്യമന്ത്രിയായി. ഐക്യകേരളം നിലവിൽ വന്ന ശേഷം 1957 ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ആദ്യമായി പരാജയപ്പെട്ടു.
1962 ൽ ലോക് സഭാംഗമായി.1966 ലും ’67 ലും കേന്ദ്ര മന്ത്രിയായി.

കേന്ദ്ര ഭരണം സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ച് പഠിച്ച് ശുപാർശനൽകാൻ നെഹ്റു അധ്യക്ഷനായി രൂപീകരിച്ച കമ്മിറ്റിയിലും മുന്നാം ധനകാര്യ കമീഷണിലും അംഗമായി.

ബാങ്ക് ദേശസാത്കരണ ബിൽ, പ്രിവിപഴ്സ് ബഹിഷ്കരണ ബിൽ എന്നിവ ഉൾപ്പെടെ ചരിത്രത്തിലെ നാഴികകല്ലുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന പല നിയമനിർമാണങ്ങളും അദ്ദേഹം നടത്തി.
1970 മെയ് 23 ന് അന്തരിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന 2 യുക്തിവാദികൾ ആദ്യമായി ഒരേസമയം മന്ത്രിസഭയിലെത്തിയ സത്യപ്രതിജ്ഞാചടങ്ങിന്റെ ചിത്രമാണ് ഇതോടൊപ്പമുള്ളത്. അന്നത്തെക്കാലത്ത് അധികാര ചിഹ്നമായ വാൾ ഉയർത്തി പിടിച്ച് നിൽക്കുന്നത് പനമ്പിള്ളിയും സഹോദരൻ അയ്യപ്പനും.

Leave a Reply

Your email address will not be published. Required fields are marked *